'വീര്യവും ചടുലതയുമുള്ള നേതാവ്'; മോദിയെ യുപിയിലെ വിജയശില്‍പിയെന്ന് പുകഴ്ത്തിയും വിമര്‍ശിച്ചും ശശി തരൂര്‍
ജയ്പൂര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും തിരുവന്തപുരം എംപിയുമായ ശശി തരൂര്‍. നരേന്ദ്ര മോദിയെ അതിശക്തമായ വീര്യവും ചടുലതയുമുള്ള നേതാവെന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ വീര്യവും ചടുലതയുമുള്ള ആളാണ്, പ്രത്യേകിച്ച് രാഷ്ട്രീയത്തില്‍. അദ്ദേഹം ഇത്രയും വലിയ മാര്‍ജിനില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം വിജയിച്ചു,'- തരൂര്‍ പറഞ്ഞു.
പുകഴ്ത്തുന്നതിനൊപ്പം തരൂര്‍ മോദിയെ വിമര്‍ശിക്കുകയും ചെയ്തു.
'നമ്മുടെ രാജ്യത്തെ സാമുദായികവും മതപരവുമായ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശക്തികളെ അദ്ദേഹം സമൂഹത്തിലേക്ക് അഴിച്ചുവിട്ടു, അത് എന്റെ അഭിപ്രായത്തില്‍ വിഷം വമിപ്പിക്കുന്ന കാര്യമാണ്, നിര്‍ഭാഗ്യകരവുമാണ്''-അദ്ദേഹം വ്യക്തമാക്കി.
യുപി തിരഞ്ഞെടുപ്പു ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ മനസ്സിലാക്കിയതിനെക്കുറിച്ച് താന്‍ ആശ്ചര്യപ്പെട്ടുവെന്നും എക്‌സിറ്റ് പോളുകള്‍ വരുന്നതുവരെ വളരെ കുറച്ച് പേര്‍ മാത്രമേ ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നുള്ളൂവെന്നും തരൂര്‍ പറഞ്ഞു. പലരും സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്നു പോലും പറഞ്ഞതായും തരൂര്‍ ചൂണ്ടിക്കാട്ടി.
'ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് ആശ്ചര്യപ്പെടുത്താനുള്ള കഴിവുണ്ട്, ഒരു ദിവസം അവര്‍ ബിജെപിയെയും അത്ഭുതപ്പെടുത്തും. എന്നാല്‍ ഇപ്പോള്‍ അവര്‍ ബിജെപിക്ക് അവര്‍ ആഗ്രഹിച്ചത് നല്‍കി.' 'ഇത്രയും ഭൂരിപക്ഷത്തോടെ ബിജെപി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ്‌വാദി പാര്‍ട്ടിയുടെ സീറ്റുകള്‍ വര്‍ദ്ധിച്ചു, അതിനാല്‍ മികച്ച പ്രതിപക്ഷമാണെന്ന് തെളിയിക്കാനവര്‍ക്കാവും.'
പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ്സിനെ വേണ്ട വിധത്തില്‍ നയിച്ചുവെന്ന് തരൂര്‍ പറഞ്ഞു. ഒരാളെ ചുമതല ഏല്‍പ്പിക്കുന്നതിന്റെ പ്രശ്‌നമാണ് യുപിയില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 4 മുതല്‍ തുടങ്ങിയ ജയ്പൂര്‍ സാഹിത്യസമ്മേളനം ഇന്ന് അവസാനിക്കും.