സോപോറില്‍ സായുധാക്രമണത്തില്‍ പരിക്കേറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു

Update: 2021-03-30 09:39 GMT

സോപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിനു നേരെ നടന്ന സായുധാക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി.

കൗണ്‍സില്‍ യോഗത്തിന് കാവല്‍ നിന്നിരുന്ന പോലിസുകാര്‍ വേണ്ട സമയത്ത് നിറയൊഴിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ ഷാമ്‌സ് ഉദ്ദ ദിന്‍ പീറാണ് ചികില്‍സയിലിരിക്കേ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ വച്ച് മരിച്ചത്.

പീറിനു പുറമെ മറ്റൊരു കൗണ്‍സിലറും പോലിസുകാരനും ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

യോഗത്തിന് കാവല്‍ നിന്നിരുന്ന നാല് സുരക്ഷാസൈനികര്‍ക്ക് വേണ്ട സമയത്ത് തിരിച്ചടിക്കാനായില്ല. സുരക്ഷാസൈനികരുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാല് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. യോഗം നടക്കുന്നവിവരം പോലിസില്‍ അറിയിക്കാത്തതുകൊണ്ടാണ് കൂടുതല്‍ സുരക്ഷാജീവനക്കാരെ നിയോഗിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുനിസിപ്പല്‍ ബില്‍ഡിങ് കോംപ്ലക്‌സിലേക്ക് നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ മുനിസിപ്പല്‍ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഫ്കത്ത് അഹമ്മദ് എന്ന പോലിസുകാരകനും റിയാസ് അഹമ്മദ് എന്ന കൗണ്‍സിലറുമാണ് മരിച്ചത്. 

Tags:    

Similar News