ഒരു മിനിറ്റിനുള്ളില്‍ ജപ്പാനില്‍ രണ്ട് വന്‍ ഭൂചലനങ്ങള്‍; നിരവധി പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്
ജപ്പാന്‍: ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവിടങ്ങളില്‍ ഒറ്റ മിനിറ്റില്‍ അതിശക്തമായ രണ്ട് ഭൂചലനങ്ങള്‍ രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.9, 7.1 തീവ്രതയാണ് ഈ ചലനങ്ങള്‍ രേഖപ്പെടുത്തിയത്. നിരവധി പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ജപ്പാനിലെ മറ്റ് പ്രദേശങ്ങളായ മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രിഫെക്ചറുകളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്യുഷുവിലെ മിയാസാക്കിയില്‍ 20 സെന്റീമീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതായി ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു.
സുനാമികള്‍ ആവര്‍ത്തിച്ച് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പ്രവേശിക്കുകയോ തീരത്ത് അടുക്കുകയോ ചെയ്യരുതെന്ന് ജപ്പാന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തിന് തൊട്ട് മുന്‍പ് തിരമാലകള്‍ മിയാസാക്കി തീരത്ത് ആഞ്ഞടിക്കാന്‍ ആരംഭിച്ചിരുന്നതായും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
എന്നാല്‍ ഭൂചലനത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ക്യൂഷുവിലെ നിചിനാന്‍ പൊലീസ് മേധാവി പറഞ്ഞു. കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു