തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്

Update: 2023-02-06 03:11 GMT

ഇസ്താന്‍ബൂള്‍: തെക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് (യുഎസ്ജിസി) അറിയിച്ചു. അതേസമയം, തീവ്രത 7.4 ആണെന്ന് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സിയായ അഫാഡ് പറഞ്ഞു. ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനിറ്റിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായെന്നും യുഎസ്ജിസി അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം. തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്.

സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ ഉല്‍പ്പന്ന നിര്‍മാണ കേന്ദ്രമാണ് ഗാസിയന്‍തേപ്. 17.9 കി.മീ ആഴത്തിലാണ് പ്രഭവ കേന്ദ്രം. നിരവധി കെട്ടിടങ്ങള്‍ അടക്കം തകര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായതായാണ് റിപോര്‍ട്ട്. തലസ്ഥാനമായ അങ്കാറയിലും മറ്റ് നഗരങ്ങളിലും അയല്‍രാജ്യങ്ങളായ ലെബനോനിനും സിറിയയിലും സൈപ്രസിലും പ്രകമ്പനങ്ങളുണ്ടായി. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, മരണമോ പരിക്കേല്‍ക്കലോ തുര്‍ക്കി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള നിരവധി നഗരങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ കാണുന്നുണ്ട്. ലോകത്തെ ഏറ്റവും സജീവമായ ഭൂചലന മേഖലയാണ് തുര്‍ക്കി.

1999ലാണ് ഒടുവില്‍ ഏറ്റവും ആള്‍നാശം വിതച്ച ഭൂകമ്പം തുര്‍ക്കിയിലുണ്ടായത്. ഡ്യൂഷെയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തില്‍ 17,000ലധികം പേര്‍ മരിച്ചിരുന്നു. ആയിരത്തോളം പേര്‍ ഇസ്താന്‍ബൂളില്‍ മാത്രം മരിച്ചു. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിട നിര്‍മാണങ്ങള്‍ അനുമതി നല്‍കുന്നുവെന്നാണ് ആക്ഷേപം. 2020 ജനുവരിയില്‍ ഇലാസിഗില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിട്ടുണ്ട്. അന്ന് 40ലധികം പേര്‍ മരിച്ചു.

Tags:    

Similar News