പഞ്ചാബില്‍ ഭഗ്‌വത് മന്‍ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി
സിനിമ അഭിനയത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഭഗ്‌വത് മന്‍ 2014 മുതല്‍ പഞ്ചാബിലെ സാംഗ്രൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്.
മൊഹാലി: പാര്‍ലമെന്റ് അംഗവും മുന്‍ സിനിമാ നടനുമായ ഭഗ്‌വത് മന്നിനെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാല്‍ മൊഹാലിയില്‍ വച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മന്നിന്റെ പേര് പ്രഖ്യാപിച്ചത്.
എസ്എംഎസിലൂടെ മുഖ്യമന്ത്രിയെ നിര്‍ദേശിക്കാന്‍ എഎപി വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി 21 ലക്ഷം ജനങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ചെന്നും അതില്‍ 93.3 ശതമാനം പേരും ഭഗ്‌വത് മന്നിന്റെ പേരാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞാന്‍ നിര്‍ദേശിച്ചതും അദ്ദേഹത്തെയാണ്', ഭൂരിഭാഗം വോട്ടര്‍മാരും അദ്ദേഹത്തെ തന്നെ പാര്‍ട്ടിയുടെ മുഖമായി തീരുമാനിക്കാന്‍ അഭിപ്രായപ്പെട്ടുവെന്നും കെജ്രിവാള്‍ അറിയിച്ചു.
അരവിന്ദ് കെജ്രിവാള്‍ അദ്ദേഹത്തിന്റെ തന്നെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുവെങ്കിലും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് നിര്‍ദേശിച്ചത് താനാണെന്ന് ഭഗ്‌വത് മന്‍ പ്രതികരിച്ചു. സിനിമ അഭിനയത്തില്‍ നിന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഭഗ്‌വത് മന്‍ 2014 മുതല്‍ പഞ്ചാബിലെ സാംഗ്രൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. 2014ല്‍ തന്നെയാണ് ആംആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തതും.
2012 മുതല്‍ 2014 വരെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലെ അംഗമായിരുന്നു മന്‍. ധാരാളം ആരാധകരുണ്ടായിരുന്ന കോമഡി-നായക താരമായിരുന്ന മന്നിന് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷവും മികച്ച ജനപിന്തുണയുമുണ്ട്. എഎപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്നിന്റെ പേരിനൊപ്പം മറ്റൊരു നേതാവായ ഹര്‍പല്‍ സിങ് ചീമയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത വേളയില്‍ അരവിന്ദ് കെജ്രിവാല്‍ താന്‍ നിര്‍ദേശിക്കുന്നത് മന്നിന്റെ പേരാണെന്ന് വ്യക്തമാക്കുകയുണ്ടായി.