കശ്മീരികളുടെ ജീവനേക്കാള്‍ വില ആരെ കോളനിയിലെ മരങ്ങള്‍ക്ക്; നിയന്ത്രണങ്ങള്‍ക്കെതിരേ മെഹബൂബയുടെ ട്വീറ്റ്
മുംബൈയിലെ ആരെ കോളനിയിലെ മരംമുറി തടഞ്ഞു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെ വില പോലും കശ്മീരികളുടെ ജീവന് ഇല്ലാതായോ എന്ന ചോദ്യമുയര്‍ത്തി ട്വീറ്റ് ചെയ്തത്.
ജമ്മു: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കെതിരേ കടുത്ത വിമര്‍ശനമഴിച്ച് വിട്ട് മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ്. മുംബൈയിലെ ആരെ കോളനിയിലെ മരംമുറി തടഞ്ഞു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെ വില പോലും കശ്മീരികളുടെ ജീവന് ഇല്ലാതായോ എന്ന ചോദ്യമുയര്‍ത്തി ട്വീറ്റ് ചെയ്തത്. നിലവില്‍ മെഹ്ബൂബയുടെ മകള്‍ ഇല്‍തിജയാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും വലിയ വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മുംബൈയിലെ ആരെ കോളനിയിലെ വനങ്ങള്‍ മുറിക്കുന്നത് ഒക്ടോബര്‍ 21 വരെ നിര്‍ത്തി വയ്ക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്മീരിലെ ജനങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നുവെന്ന് ഇല്‍തിജ ചോദിക്കുന്നത്.
''ആരോ കോളനിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍, അഭിപ്രായ സ്വാതന്ത്രത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള ഇതേ അവകാശം എന്തുകൊണ്ടാണ് കശ്മീരിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നത്. തങ്ങള്‍ മറ്റ് ഇന്ത്യക്കാരുമായി ഇപ്പോള്‍ തുല്യരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കശ്മീരികള്‍ക്ക് മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുവെന്നതാണ് വസ്തുത''-ട്വീറ്റില്‍ കുറ്റപ്പെടുത്തുന്നു.
ആഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അടക്കമുള്ള പ്രധാന നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയതിന് ശേഷമായിരുന്നു കേന്ദ്രത്തിന്റെ പ്രഖ്യാപനം. കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്.