തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു; പരാതിയുമായി കശ്മീരി യുവതി, പോലിസ് കേസെടുത്തു
ദക്ഷിണ ഡല്‍ഹിയിലെ കൈലാഷില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വീട്ടുടമസ്ഥ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. വാടകയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവം.
ന്യൂഡല്‍ഹി: വീട്ടുടമസ്ഥ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കശ്മീരി യുവതി പോലിസില്‍ പരാതി നല്‍കി. ദക്ഷിണ ഡല്‍ഹിയിലെ കൈലാഷില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വീട്ടുടമസ്ഥ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. വാടകയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവം.
അധിക്ഷേപത്തിന് പുറമെ മര്‍ദ്ദിക്കുകയും വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി വീട്ടു സാധനങ്ങള്‍ നശിപ്പിച്ചതായും യുവതി പോലിസിനോട് വെളിപ്പെടുത്തി. വീട്ടുടമസ്ഥയ്‌ക്കൊപ്പം മറ്റൊരു പുരുഷനും ഉണ്ടായിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ വീട്ടുടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ വീട്ടുടമസ്ഥയും കൂട്ടാളിയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും തന്റെ സുഹൃത്തുക്കളോട് അസഭ്യവര്‍ഷം നടത്തിയെന്നും തങ്ങള്‍ കശ്മീരില്‍ നിന്ന് എത്തിയ തീവ്രവാദികളെന്ന് വിളിച്ചുവെന്നുമാണ് യുവതി ട്വീറ്റില്‍ പറയുന്നത്.
വീട്ടുടമസ്ഥയ്‌ക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്‍ തനിക്കൊപ്പമുണ്ടായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 22കാരിയായ കശ്മീരി യുവതിയ്ക്ക് നേരെയുണ്ടായ അതിക്രമം വിവാദമായതോടെ യുവതിയ്ക്ക് എല്ലാത്തരത്തിലുമുള്ള നിയമസഹായങ്ങളും വാഗ്ദാനം ചെയ്ത് ഡവല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്തെത്തി.