കൊവിഡ് ബാധിക്കുന്ന 90 ശതമാനവും വാക്‌സിനെടുക്കാത്തവര്‍; വാക്‌സിന്‍ സ്വീകരിക്കാന്‍ ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്

Update: 2021-09-15 12:52 GMT

ആലപ്പുഴ: ജില്ലയില്‍ പുറത്തുവന്ന കണക്കനുസരിച്ച് കൊവിഡ് രോഗം ബാധിക്കുന്നവരില്‍ 90 ശതമാനം പേരും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോഴും പല കോണില്‍ നിന്നും വാക്‌സിനെതിരേ പ്രചാരണം ശക്തമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളില്‍ 90% പേരും വാക്‌സിനെടുക്കാത്തവരാണ്. വാക്‌സിനെടുക്കാത്തവരിലാണ് രോഗം സങ്കീര്‍ണ്ണമാകുന്നതും മരണമുണ്ടാകുന്നതും. താരതമ്യേന വേദന കുറഞ്ഞ കുത്തിവയ്പാണ് കൊവിഡ് വാക്‌സിനേഷന്‍. മരുന്നുകള്‍ കഴിക്കുന്നത് വാക്‌സിനെടുക്കുന്നതിന് തടസ്സമല്ല. അലര്‍ജിയുടെ ഗൗരവത്തിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം വാക്‌സിന്‍ എടുക്കാം. ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ഇതിനുള്ള സൗകര്യമുണ്ട്. 

ജില്ലയില്‍ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കുമെന്ന ലക്ഷ്യത്തോട് അടുക്കുമ്പോഴും അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ കണ്ടെത്തി ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. കുത്തിവയ്പ്പിനെ കുറിച്ചുള്ള പേടി, തിരിച്ചറിയല്‍ രേഖകള്‍ കൈയ്യിലില്ല, ചില മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നു, അലര്‍ജി പ്രശ്‌നങ്ങള്‍, പുറത്തൊന്നും പോകാതെ വീട്ടില്‍ തന്നെ കഴിയുമ്പോള്‍ കൊവിഡ് വരാനിടയില്ലെന്ന ചിന്ത തുടങ്ങിയ പല കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്തവരുണ്ട്.

'പുറത്തുപോകാറില്ല' എന്നത് തികച്ചും യുക്തിയില്ലാത്ത കാരണമാണ്. എല്ലാ വീടുകളിലും പുറത്തുപോയി മടങ്ങിയെത്തുന്നവരുണ്ടാകും. അവര്‍ രോഗ വാഹകരാകാനും സാധ്യതയുണ്ട്. ആര്‍ക്കും ആരില്‍ നിന്നും രോഗം വരാനിടയുള്ളതിനാല്‍ വാക്‌സിനെടുത്താല്‍ മാത്രമേ പ്രതിരോധം ഉറപ്പാക്കാനാവൂ. കോവിഡിനെ പ്രതിരോധിക്കുന്നതിന് മരുന്നുകള്‍ ഒന്നും തന്നെയില്ല. വാക്‌സിനെടുക്കുക മാത്രമാണ് പോംവഴി. തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്ക് അതത് പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശാനുസരണം വാക്‌സിന്‍ എടുക്കാം.

അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ഗര്‍ഭിണികള്‍ ഉറപ്പായും കൊവിഡ് വാക്‌സിന്‍ എടുക്കണം. കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും സുരക്ഷിതമാണ്. ഗര്‍ഭധാരണത്തിനും പ്രസവത്തിനുമിടയിലുള്ള ഏത് സമയത്തും വാക്‌സിന്‍ എടുക്കാമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Tags:    

Similar News