മല്‍സ്യത്തൊഴിലാളികളുടെ അപകടമരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസര്‍ക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മല്‍ക്ഷള്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടലില്‍ പോകുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ കര്‍ശനമാക്കുമെന്നു മന്ത്രി പറഞ്ഞു. കടലില്‍ പോകുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ നിര്‍ബന്ധമായും അറിയിക്കണം. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുത്. മല്‍സ്യത്തൊഴിലാളി സമൂഹത്തിന്റെ പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയണം. അപകടത്തില്‍ മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ആനൂകുല്യങ്ങള്‍ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ആറു മാസത്തിനകം ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണം. തുടര്‍ന്നു മന്ത്രിതലത്തില്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ടു കാണാതാകുന്ന മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഏഴു വര്‍ഷം കഴിഞ്ഞാണു നിലവില്‍ ധനസഹായം ലഭിക്കുന്നത്. കേന്ദ്ര നിയമപ്രകാരമാണ് ഏഴു വര്‍ഷമെന്ന കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പലപ്പോഴും ഇതു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. ഈ നിബന്ധന മറികടന്ന് ആറു മാസത്തികം ഈ കുടുംബങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരും ഇന്‍ഷ്വറന്‍സ് കമ്പനികളും തമ്മില്‍ ധാരണയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.