മധു വധക്കേസ് പ്രതി ബ്രാഞ്ച് സെക്രട്ടറി; തിരുത്തല്‍ നടപടിയുമായി സിപിഎം
മധു വധക്കേസിലെ പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സമ്മേളനത്തില്‍ തിരഞ്ഞെടുത്തത്.
പാലക്കാട്: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത് പാര്‍ട്ടി തിരുത്തി. മധു വധക്കേസില്‍ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാന്‍ സിപിഎം ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു. സിപിഎം അട്ടപ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി നേരിട്ടാണ് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്.
മധു വധക്കേസിലെ പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സമ്മേളനത്തില്‍ തിരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് സിപിഎം ഏരിയാ നേതൃത്വം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം മറികടന്നാണ് പ്രാദേശിക നേതൃത്വം ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.
2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട മധു ആള്‍ക്കൂട്ട ആക്രമണത്തിനൊടുവില്‍ മരണപ്പെടുകയായിരുന്നു. പ്രതികളായ പതിനാറു പേരെയും പോലിസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.