റിസോര്‍ട്ട് കൊലപാതകത്തിലെ പ്രതികള്‍ പെണ്‍കുട്ടിയെ ലൈംഗികതൊഴിലിന് നിര്‍ബന്ധിച്ചു; തെളിവായി വാട്‌സ്ആപ് സന്ദേശം
ഋഷികേശ്: ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്‍ റിസോര്‍ട്ടില്‍വച്ച് കൗമാരക്കാരിയെ കൊലചെയ്തത് ലൈംഗികത്തൊഴിലിന് സമ്മതിക്കാത്തതുകൊണ്ടാണെന്ന് തെളിയിക്കുന്ന സന്ദേശം പുറത്ത്. 19കാരിയായ പെണ്‍കുട്ടി തന്റെ സുഹൃത്തിന് അയച്ച വാട്‌സ്ആപ്പ് സന്ദേഷമാണ് പ്രചരിക്കുന്നത്.
അവരെന്നെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുന്നുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കൂടാതെ റിസപ്ഷനിസ്റ്റ് എന്ന നിലയില്‍ തന്റെ അനുഭവങ്ങളും അവര്‍ സുഹൃത്തിനുള്ള സന്ദേശത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ബിജെപി നേതാവും വകുപ്പില്ലാ മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. പുല്‍കിതും മറ്റ് രണ്ട് ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
10,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് 'പ്രത്യേക സേവനങ്ങള്‍' നല്‍കുന്നതിന് താന്‍ എങ്ങനെ നിര്‍ബന്ധിതനായി എന്ന് വിവരിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സന്ദേശങ്ങള്‍ പെണ്‍കുട്ടി തന്നെ അയച്ചതാണെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ കര്‍ശനമായ ഫോറന്‍സിക് അന്വേഷണം ആവശ്യമാണെന്നും പോലിസ് പറഞ്ഞു.
റിസോര്‍ട്ടില്‍ വെച്ച് തന്നെ ഒരാള്‍ അനുചിതമായി സ്പര്‍ശിച്ചെന്നും എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ ഒന്നും ചെയ്യരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെന്നും ഇരയായ യുവതി സുഹൃത്തിനോട് പറഞ്ഞു. പെണ്‍കുട്ടി റിസോര്‍ട്ട് ജീവനക്കാരന്റെ ഫോണിലേക്ക് വിളിച്ചതിന്റെ വോയ്‌സ് ക്ലിപ്പും വൈറലായിട്ടുണ്ട്. കരയുന്നതും മറ്റേയാളോട് തന്റെ ബാഗ് മുകളിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതും ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.
19 കാരിയായ റിസപ്ഷനിസ്റ്റിനോട് അതിഥികള്‍ക്ക് 'പ്രത്യേക സേവനങ്ങള്‍' നല്‍കാന്‍ റിസോര്‍ട്ട് ഉടമ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് പോലിസ് മേധാവി. അശോക് കുമാറും പറഞ്ഞു.
അവള്‍ ജോലി ചെയ്തിരുന്ന റിസോര്‍ട്ടിന്റെ ഉടമയായ പുല്‍കിത് ആര്യയുടെ ആവശ്യപ്രകാരം അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് റിസപ്ഷനിസ്റ്റിന്റെ ഫേസ്ബുക്ക് സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു.
അവള്‍ ഈ സുഹൃത്തിനെ വിളിച്ച അതേ രാത്രി, രാത്രി 8:30നുശേഷം ഫോണ്‍ ലഭ്യമല്ല. നിരവധി തവണ ശ്രമിച്ചിട്ടും സുഹൃത്തിന് അവളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍, അദ്ദേഹം പുല്‍കിത് ആര്യയെ വിളിച്ചു. അവള്‍ ഉറങ്ങാന്‍ അവളുടെ മുറിയിലേക്ക് പോയി എന്ന് അയാള്‍ പറഞ്ഞു.
പിറ്റേന്ന് വീണ്ടും പുല്‍കിത്തിനെ വിളിച്ചപ്പോള്‍ അയാളുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിലെ ഷെഫുമായി സംസാരിച്ചു. അന്ന് പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
റിസോര്‍ട്ടിലെ വിവിഐപി അതിഥികള്‍ക്ക് 10,000 രൂപയ്ക്ക് നല്‍കുന്ന 'അധിക സേവനം' ലൈംഗികതൊഴിലാളികളെയാണെന്നാണ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. സ്പാ ചികിത്സയുടെ മറവിലാണ് ഈ 'അധിക സേവനം' നല്‍കിയതെന്നും ചാറ്റുകളില്‍ വ്യക്തമാണ്.
പുല്‍കിത് ആര്യയെ കൂടാതെ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരും അറസ്റ്റിലായിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.
സംഭവം ബിജെപിക്കെതിരെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ, പുല്‍കിത് ആര്യയുടെ പിതാവും മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ വിനോദ് ആര്യ , സഹോദരന്‍ അങ്കിത് ആര്യ എന്നിവരെ ബിജെപി പുറത്താക്കി.
'നിയമവിരുദ്ധമായി' നിര്‍മ്മിച്ചതാണെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടം റിസോര്‍ട്ടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി. ബാക്കിയുള്ള ഭാഗം നാട്ടുകാര്‍ കത്തിച്ചു. റിസോര്‍ട്ട് പൂര്‍ണമായും പൊളിച്ചുനീക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രാദേശിക ബിജെപി എംഎല്‍എ രേണു ബിഷ്ടിന്റെ കാറും നാട്ടുകാര്‍ തകര്‍ത്തു. രോഷം നിയന്ത്രിക്കാനായതോടെ എംഎല്‍എയെ പോലിസുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.