കാര്‍ഷിക നിയമത്തെ എതിര്‍ത്തതിന് പാകിസ്താനിയെന്ന് ആക്ഷേപം; പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി തല്‍സ്ഥാനം രാജിവച്ചു
ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ ബിജെപി ജനറല്‍ സെക്രട്ടറി രാജിവച്ചു. പഞ്ചാബ് ബിജെപിയിലെ ചുരുക്കം സിക്ക് മുഖങ്ങളിലൊന്നായ മാല്‍വിന്ദര്‍ സിങ് കാങ്ങാണ് പാര്‍ട്ടി നിലപാടില്‍ അതൃപ്തിയറിയിച്ച് രാജിവച്ചത്. തങ്ങളുടെ ആവശ്യം കേള്‍ക്കാന്‍ പാര്‍ട്ടിയില്‍ ആരുമില്ലെന്നും പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പഞ്ചാബിന് അനുകൂല നിലപാടില്ലെന്നും മല്‍വീന്ദര്‍ സിങ് ആരോപിച്ചു.
ഓര്‍ഡിനന്‍സ് പാസ്സാക്കിയ സമയത്തുതന്നെ പ്രശ്‌നം ഉന്നയിച്ചിരുന്നു. കോര്‍കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രശ്‌നം നേതൃത്വത്തെയും അറിയിച്ചിരുന്നെങ്കിലും അതിന്റെ പേരില്‍ അപമാനം നേരിട്ടു. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചാങ് പാകിസ്താനിയെന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. അതിനെതിരേ പ്രതികരിച്ചപ്പോള്‍ അതയാള്‍ പിന്‍വലിച്ചു. കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നവരോടുള്ള നേതൃത്വത്തിന്റെ മനോഭാവമിതാണ്- കാങ് പറഞ്ഞു.
സര്‍വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവായി ബിജെപിയിലെത്തിയ കാങ് പടിപടിയായി ഉയര്‍ന്നാണ് ജനറല്‍സെക്രട്ടറിയായത്.
ബിജെപി കേന്ദ്ര മന്ത്രിയായ ഹര്‍ദീപ് സിങ് പുരിയോടും താന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നെന്ന് കാങ് പറയുന്നു. അദ്ദേഹവും തന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു. മോദി ചെയ്യുന്നതെല്ലാം ശരിയാണെന്ന നിലപാടാണ് ബിജെപിയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ഷകരും ചെറുകിയ കച്ചവടക്കാരും തൊഴിലാളികളും കാര്‍ഷിക നിയമത്തിനെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയാണെന്ന് പാര്‍ട്ടി പ്രസിഡന്റ് അശ്വനി ശര്‍മയ്ക്ക് അയച്ച രാജിക്കത്തില്‍ കാങ് വ്യക്തമാക്കി.
ബിജെപിയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കര്‍ഷകരുടെ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തന്റെ രാജിയയെന്നും അദ്ദേഹം പറയുന്നു. ബിജെപി നേതാക്കള്‍ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
പഞ്ചാബിലെ കര്‍ഷകരുമയാ സംസാരിക്കാന്‍ കേന്ദ്ര നേതൃത്വം കൂടുതല്‍ മന്ത്രിമാരെ നിയോഗിച്ച അതേസമയത്താണ് കാങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.