അനധികൃത നിര്‍മാണമെന്ന് ആരോപണം; അസമിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശത്തെ എണ്ണൂറോളം വീടുകള്‍ തകര്‍ത്തു

Update: 2021-09-21 14:00 GMT

ന്യൂഡല്‍ഹി: അസമിലെ ഡാരംഗ് ജില്ലയിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ധോര്‍പൂരില്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് എണ്ണൂറോളം വീടുകള്‍ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞു.

അനധികൃതമായ നിര്‍മാണത്തിനെതിരേ ശക്തമായ നടപടിയെടുത്തതില്‍ മുഖ്യമന്ത്രി ഹിമാന്ദ ബിശ്വാസ് ശര്‍മ അതിയായ സന്തോഷം പ്രകടിപ്പിച്ചു. വീടുകള്‍ പൊളിച്ചുകളഞ്ഞ സ്ഥലത്ത് കൂട്ടുകൃഷി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ നാല് ആരാധനാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൊളിച്ചുകളഞ്ഞവയില്‍ ഉള്‍പ്പെടുന്നു.

14 ജെസിബികള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് വീടുകള്‍ നിലംപരിശാക്കിയത്. തകര്‍ക്കലിന് നേതൃത്വം നല്‍കാന്‍ ജില്ലാ അധികാരികള്‍ 1,500ഓളം ജീവനക്കാരെ വിന്യസിപ്പിച്ചു.

രണ്ട് ദിവസം മുമ്പാണ് ഒഴിഞ്ഞുപോകല്‍ നോട്ടിസ് ലഭിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നാല്‍പ്പതു അമ്പതും വര്‍ഷമായി പ്രദേശത്ത് ജീവിക്കുന്നവരാണ് പെട്ടെന്ന് വീട് നഷ്ടപ്പെട്ടവരായതെന്നും പറയുന്നു.

പ്രദേശത്തെ 22 കച്ചവടസ്ഥാപനങ്ങളും പൊളിച്ചുകളഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ നടപടിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടത് ഭൂരഹിതര്‍ക്കാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് സാഹചര്യത്തില്‍ ഇത്തരം കുടിയൊഴിപ്പിക്കലുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഗുവാഹത്തി ഹൈക്കോര്‍ട്ട് വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എം പി അബ്ദുള്‍ ഖാലീഖ് പറഞ്ഞു. 

Tags:    

Similar News