ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക: ബംഗാള്‍ ഗവര്‍ണര്‍ക്കെതിരേ മമതാ ബാനര്‍ജിയുടെ കത്ത്
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മമതാ ബാനര്‍ജി ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറെ കത്തിലൂടെ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനാവസ്ഥ തകരാറിലായെന്ന ഗവര്‍ണറുടെ ഡിജിപിക്കുള്ള കത്തിനുള്ള പ്രതികരണത്തിലാണ് മമതാ ബാനര്‍ജി ഗവര്‍ണര്‍ക്കെതിരേ പൊട്ടിത്തെറിച്ചത്. ഗവര്‍ണറുടെ നടപടികള്‍ തെളിവില്ലാത്ത വിലയിരുത്തലുകളാണെന്നും കുത്തുവാക്കുകളും ദുസ്സൂചനകളും നിറഞ്ഞതാണെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസമാണ് ക്രമസമാധാനാവസ്ഥയെ കുറിച്ച് വിശദീകരിക്കാന്‍ സെപ്റ്റംബര്‍ 26ന് തന്നെ രാജ്ഭവനില്‍ വന്ന് കാണാന്‍ ഗവര്‍ണര്‍ ഡിജിപിയെ അറിയിച്ചത്.
താങ്കള്‍ ഡിജിപിക്കയച്ച കത്ത് തനിക്ക് ലഭിച്ചെന്നും അത് വായിച്ച് താന്‍ നടുങ്ങിപ്പോയെന്നും അതിനും പുറമെ താങ്കള്‍ ബംഗാളിനെ കുറിച്ച് ചെയ്ത ട്വീറ്റും വായിച്ചെന്നും മമതാ ബാനര്‍ജി പറഞ്ഞു.
ഭരണഘടനയുടെ അനുച്ഛേദം 163 അനുസരിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉപദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണറുടെ ചുമതല. ഭരണഘടന അനുവദിക്കുന്നതിനപ്പുറത്ത് കടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഗവര്‍ണരുടെ രീതിയോട് വിയോജിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട അധികാരിയാണ്. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ നോമിനി മാത്രമാണ്. അതു മറന്ന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മമത ചൂണ്ടിക്കാട്ടി.