ഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും'; അധീര്‍ രഞ്ജന്‍ ചൗധരിക്ക് ഖാര്‍ഗെയുടെ താക്കീത്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്‍ഡ്യ സഖ്യവുമായി അടുക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിനെതിരേ വിമര്‍ശനമായെത്തിയ അധീര്‍ രഞ്ജന്‍ ചൗധരിക്ക് താക്കീതുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യ സഖ്യത്തില്‍ മമതയെ ഉള്‍പ്പെടുത്തണോ എന്നത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും അധീര്‍ രഞ്ജന്‍ ചൗധരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ മമതയുടെ പിന്തുണ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് ഖാര്‍ഗെയുടെ പ്രതികരണം. തീരുമാനം അനുസരിച്ചില്ലെങ്കില്‍ പുറത്താവുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ്-തൃണമൂല്‍ നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര് തുടരുന്നതിനിടെയാണ് ഖാര്‍ഗെയുടെ പ്രതികരണം. ബംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യമായല്ല മല്‍സരിക്കുന്നത്.
മമത ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ്. സഖ്യം സംബന്ധിച്ച് തീരുമാനിക്കാന്‍ അധീര്‍ രഞജന്‍ ചൗധരി ആളല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതൃത്വവുമാണ് സഖ്യം തീരുമാനിക്കുന്നത്. ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിരുദ്ധമായി ആരെങ്കിലും നിന്നാല്‍ അവര്‍ പുറത്തുപോവും. ഇന്‍ഡ്യ സഖ്യം അധികാരത്തില്‍ വന്നാല്‍ തൃണമൂല്‍ സര്‍ക്കാരിലുണ്ടാവും. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണച്ചിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
നേരത്തേ, തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് വോട്ടുചെയ്യലാണെന്ന അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിന്റെ വീഡിയോ തൃണമൂല്‍ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിടുകയായിരുന്നു. എന്നാല്‍, ബംഗാളിലെ എന്റെ പാര്‍ട്ടിയെ സംരക്ഷിക്കാനാണ് എന്റെ വിമര്‍ശനമെന്നാണ് ചൗധരിയുടെ വാദം. ഞാന്‍ കോണ്‍ഗ്രസിന്റെ പാദസേവകനാണ്. എന്റെ പോരാട്ടം തടയാനാവില്ല. എന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളുമായി ചേരാന്‍ എനിക്ക് കഴിയില്ല. മമതയ്‌ക്കെതിരായ എന്റെ പോരാട്ടം ധാര്‍മികമാണ്, വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു.