ജയിലില്‍ പോകാന്‍ പോലും തയ്യാര്‍; സുപ്രിംകോടതി വിധിയെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അധ്യാപകരുമായി കൂടിക്കാഴ്ച നടത്തി മമത ബാനര്‍ജി

കൊല്‍ക്കത്ത: സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുറത്താക്കപ്പെട്ട ബംഗാളിലെ അധ്യാപകരുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തി. നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി, ബംഗാളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 25,753 അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം ഏപ്രില്‍ മൂന്നിന് സുപ്രിംകോടതി അസാധുവാക്കുകയായിരുന്നു.
'അന്യായമായ രീതിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കൊപ്പം ഞാന്‍ നിലകൊള്ളും. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. നിങ്ങളുടെ അന്തസ്സ് പുനഃസ്ഥാപിക്കാന്‍ ഞാന്‍ എല്ലാം ചെയ്യും. അവരെ തൊഴിലില്ലാതെ തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' മമത ബാനര്‍ജി സ്‌കൂള്‍ ജീവനക്കാരുമായി നടത്തിയ യോഗത്തില്‍ പറഞ്ഞു.
തനിക്ക് ഒരു സൂചനയും ഇല്ലാത്ത ഒരു കാര്യത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നുണ്ടെന്നും ജോലി നഷ്ടപ്പെട്ടവര്‍ക്കൊപ്പം നിന്നതിന് ആരെങ്കിലും എന്നെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ ജയിലില്‍ പോകാന്‍ പോലും തയ്യാറാണെന്നും മമത ബാനര്‍ജി പറഞ്ഞു. മുഴുവന്‍ വിദ്യാഭ്യാസ സംവിധാനത്തെയും തകര്‍ക്കാന്‍ ഒരു ഗൂഢാലോചനയുണ്ടെന്നും ചിലര്‍ വൃത്തികെട്ട കളി കളിക്കുകയാണെന്നും പ്രതിപക്ഷമായ ബിജെപിയെയും സിപിഎമ്മിനെയും പരാമര്‍ശിച്ചുകൊണ്ട് അവര്‍ കൂട്ടിചേര്‍ത്തു.
സുപ്രിംകോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നുവെന്ന് ആവര്‍ത്തിച്ച മമത ബാനര്‍ജി, സ്ഥിതിഗതികള്‍ അങ്ങേയറ്റം ശ്രദ്ധയോടെയും നീതിയോടെയും കൈകാര്യം ചെയ്യാന്‍ ഭരണകൂടം മുന്‍കൈയെടുക്കുന്നുണ്ടെന്നും വ്യക്തമാക്കി.