രാജ്യത്തെ എല്ലാവര്‍ക്കും സ്വന്തം മതം ആചരിക്കാനുള്ള അവകാശമുണ്ട്: മമത ബാനര്‍ജി
ബിജെപി വ്യാജ ഹിന്ദുമതം ഇറക്കുമതി ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.

കൊല്‍ക്കത്ത: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന തൂണുകളാണ് പരമാധികാരം, മതേതരത്വം, ബഹുസ്വരത എന്നിവയെന്നും രാജ്യത്തെ എല്ലാവര്‍ക്കും സ്വന്തം മതം ആചരിക്കാനുള്ള അവകാശമുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ ബിജെപി അംഗങ്ങള്‍ ഉയര്‍ത്തിയ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കിടെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാവരെയും പരിപാലിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ അവര്‍ ഒരു വ്യക്തി ഹിന്ദുവായാലും, സിഖായാലും, ബുദ്ധമതമായാലും, മുസ് ലിംമായാലും, ക്രിസ്ത്യാനിയായാലും, പാഴ്സിയായാലും, എല്ലാവര്‍ക്കും സ്വന്തം മതം ആചരിക്കാനുള്ള അവകാശമുണ്ട് എന്ന് ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളില്‍ എല്ലാ ഉല്‍സവങ്ങളും എല്ലാവരും ആവേശത്തോടെ ആഘോഷിക്കുന്നതിനാല്‍ ഹിന്ദു കാര്‍ഡ് കളിക്കരുതെന്ന് അവര്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. ബിജെപിക്കാര്‍ ഇറക്കുമതി ചെയ്ത ഹിന്ദു ധര്‍മ്മത്തിന് നമ്മുടെ പുരാതന വേദങ്ങളിലോ സന്യാസിമാരിലോ പിന്തുണയില്ലെന്നും ബിജെപി വ്യാജ ഹിന്ദുമതം ഇറക്കുമതി ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.