അഡ്മിന് കൂടുതല്‍ അധികാരം, ഏത് സന്ദേശവും ഡിലീറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായി വാട്‌സ് ആപ്പ് ജനപ്രീതി നേടിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് കൃത്യമായ ഇടവേളകളില്‍ വാട്‌സ് ആപ്പ് പുതിയ പരിഷ്‌കാരവുമായി രംഗത്തുവരാറുണ്ട്. സുരക്ഷിതവും കുറ്റമറ്റതുമായ സന്ദേശ കൈമാറ്റത്തിന് ഉതകുന്ന തരത്തിലുള്ള ഒട്ടനവധി മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകളുമാണ് അടുത്തിടെയായി വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ വിവിധ ബീറ്റാ ടെസ്റ്റുകളിലാണ് ആദ്യം ലഭിക്കുക. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ അപ്‌ഡേറ്റ് വരുന്നത്. ഗ്രൂപ്പിന് യോജിക്കാത്ത തരത്തിലുള്ള അനാവശ്യ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന് അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറാണ് വാട്‌സ് ആപ്പ് പരീക്ഷിക്കാനൊരുങ്ങുന്നത്.
ഗ്രൂപ്പുകളില്‍ വിവിധ ചിന്താഗതിയുള്ള ആളുകളുള്ളതിനാല്‍ സന്ദേശങ്ങള്‍ പലരേയും അലോസരപ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍, അതിനെല്ലാം പരിഹാരം കാണുന്ന വിധത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനും ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കോ അച്ചടക്കത്തിനോ വിരുദ്ധമായ മെസേജുകള്‍ ഇല്ലാതാക്കാനും വേണ്ടിയാണ് അഡ്മിന്‍മാര്‍ക്ക് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ ലഭിക്കുന്നത്. ഇതിലൂടെ ഗ്രൂപ്പില്‍ അഡ്മിന് കൂടുതല്‍ ഉത്തരവാദിത്തം ലഭിക്കും. ഇതുപ്രകാരം ഗ്രൂപ്പിലെ ഏത് സന്ദേശവും അഡ്മിന് ഡിലീറ്റ് ചെയ്യാമെന്നാണ് പറയുന്നത്.
വാട്‌സ് ആപ്പ് ബീറ്റാ ഇന്‍ഫോ റിപോര്‍ട്ട് അനുസരിച്ച്, വാട്‌സ് ആപ്പ് ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമിലൂടെ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയെന്നാണ് റിപോര്‍ട്ട് പറയുന്നത്. 2.22.17.12 എന്ന പതിപ്പിലാണ് ഈ പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. വൈകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്നാണ് വിവരം.
നിങ്ങളൊരു ഗ്രൂപ്പ് അഡ്മിനാണെങ്കില്‍ ഗ്രൂപ്പില്‍ വന്ന സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ' 'delete for everyone'' എന്ന ഓപ്ഷന്‍ കാണുകയാണെങ്കില്‍, ഫീച്ചര്‍ നിങ്ങള്‍ക്ക് ടെസ്റ്റിനായി ലഭിക്കുന്നു എന്നാണ് അര്‍ഥം. നിങ്ങള്‍ ഒരു ഗ്രൂപ്പിലെ അംഗം മാത്രമാണെങ്കില്‍ നിങ്ങള്‍ അയച്ച സന്ദേശം അഡ്മിന്‍ ഡിലീറ്റ് ചെയ്താല്‍ നിങ്ങളുടെ പേരിന് അടിയില്‍ ആ സന്ദേശം ഡിലീറ്റ് ചെയ്തതായി കാണിക്കും. ഇതുവഴി നിങ്ങളുടെ സന്ദേശം ഡിലീറ്റ് ചെയ്തതായി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കും മനസ്സിലാവും.