ക്ലബ്ബ് ഹൗസ് പോലെ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചറുമായി വാട്‌സ് ആപ്

Update: 2023-11-14 14:50 GMT

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതെന്ന് കരുതുന്ന സാമൂഹിക മാധ്യമമായ വാട്‌സ് ആപ് ഇടയ്ക്കിടെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാറുണ്ട്. ഇപ്പോള്‍ വോയ്‌സ് കോളിനും വോയ്‌സ് നോട്ട് ഫീച്ചറിനും പുറമെ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറെക്കുറെ ക്ലബ്ഹൗസിനു സമാനമായ ഫീച്ചറാണിത്. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്കാണ് ഇത് ഏറെ ഉപകാരപ്പെടുക. ഇതുവഴി, വലിയ ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ ഒരേസമയം പരസ്പരം സംവദിക്കാന്‍ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിന് മാറ്റമുണ്ടാവും. വോയ്‌സ് ചാറ്റ് തുടങ്ങുമ്പോള്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം പോവുമെങ്കിലും കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാണ് ലഭിക്കുക. ആവശ്യമുള്ളവര്‍ക്ക് ജോയിന്‍ ചെയ്യാം എന്നതാണ് സൗകര്യം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ അവരുടെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം. ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോവാനും തിരിച്ച് കയറാനും സാധിക്കും. വോയിസ് ചാറ്റ് നടക്കുന്നതിനിടെ വാട്‌സ്ആപ്പിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തട്‌സസമുണ്ടാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക. അല്ലാത്തവര്‍ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കേണ്ടി വരും. അതായത്, 33 അംഗങ്ങളില്‍ താഴെയുള്ള ഗ്രൂപ്പുകള്‍ക്ക് ആദ്യം ഫീച്ചര്‍ ഉപയോഗിക്കാനാവില്ല. വോയ്‌സ് ചാറ്റ് തുടങ്ങുമ്പോള്‍ ചെറിയൊരു ബാനറായി വാട്‌സ് ആപിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങളുണ്ടാവും.

Tags:    

Similar News