നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് ജമ്മു കശ്മീരിലെത്തും

Update: 2024-08-21 06:26 GMT

ശ്രീനഗര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഷനല്‍ കോണ്‍ഫറന്‍സുമായി തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന് അന്തിമരൂപം നല്‍കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ജമ്മു കശ്മീരിലെത്തും. ഇരുവരും ശ്രീനഗറില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളെ കണ്ട് സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച ജമ്മുവിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും(എന്‍സി) തന്ത്രപ്രധാനമായ 'തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന്' അനുകൂല നിലപാട് പ്രകടിപ്പിച്ചതോടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ജമ്മു ഡിവിഷനില്‍ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ചര്‍ച്ച. ജമ്മു കശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍, ചുമതലക്കാര്‍, സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുമായി ഖാര്‍ഗെയും രാഹുലും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്‍സിയുമായി സഖ്യമുണ്ടാക്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ എന്‍സിയുമായും പിഡിപിയുമായും സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് നേരത്തെ ചില ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അതിലും വ്യക്തതയുണ്ടായിട്ടില്ല.

Tags:    

Similar News