
അഹമ്മദാബാദ്: രാജസ്ഥാനിലെ ആല്‍വാറിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ടിക്കാറാം ജൂലി പങ്കെടുത്തതിനെത്തുടര്‍ന്ന് ക്ഷേത്രത്തെ ശുദ്ധീകരിക്കാന്‍ ഗംഗാജലം തളിച്ച സംഭവത്തില്‍ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടേത് ദലിത് വിരുദ്ധ മനോഭാവമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.ബഹുജനങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന 'മനുസ്മൃതി'യല്ല, മറിച്ച് ഭരണഘടനയും അതിന്റെ ആദര്‍ശങ്ങളുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിയുടെ ദലിത് വിരുദ്ധ, മനുവാദ ചിന്തയുടെ മറ്റൊരു ഉദാഹരണം! ബിജെപി തുടര്‍ച്ചയായി ദലിതരെ അപമാനിക്കുകയും ഭരണഘടനയെ ആക്രമിക്കുകയും ചെയ്യുന്നു.അതുകൊണ്ടാണ് ഭരണഘടനയെ ബഹുമാനിക്കുക മാത്രമല്ല, അത് സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമായിരിക്കുന്നത്. മോദി ജീ, ബഹുജനങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന മനുസ്മൃതിയല്ല, ഭരണഘടനയും അതിന്റെ ആദര്‍ശങ്ങളുമാണ് രാജ്യത്തെ നയിക്കുക,' രാഹുല്‍ ഗാന്ധി പറഞ്ഞു.
ആല്‍വാറിലെ രാമക്ഷേത്രത്തില്‍ ഞായറാഴ്ച രാമനവമിയോടനുബന്ധിച്ച് നടന്ന സമര്‍പ്പണ ചടങ്ങിലാണ് സംഭവമുണ്ടായത്. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ടിക്കാറാം ജൂലി പങ്കെടുത്തതിനെത്തുടര്‍ന്ന് ക്ഷേത്രത്തെ ശുദ്ധീകരിക്കാനെന്ന് പറഞ്ഞ് ബിജെപി നേതാവ് ഗ്യാന്‍ദേവ് അഹൂജ അവിടെ ഗംഗാജലം തളിക്കുകയായിരുന്നു.
അതേസമയം, ജൂലി ഒരു ദലിതനായതു കൊണ്ടല്ല, കോണ്‍ഗ്രസ് നേതാക്കളുടെ രാമനോടുള്ള കാഴ്ചപ്പാടും സമീപനവുമാണ് താന്‍ ഈ നടപടി സ്വീകരിക്കാനുണ്ടായ കാരണമെന്ന് അഹൂജ പറഞ്ഞു.
എന്നാല്‍ അഹൂജയുടെ പ്രവൃത്തി ബിജെപിയുടെ ദലിതുകളോടുള്ള മനോഭാവമെന്തെന്ന് മനസിലാക്കിതരുന്നതാണെന്ന് ജൂലി പറഞ്ഞു. ഇത് തന്റെ വിശ്വാസത്തിനെതിരായ ആക്രമണം മാത്രമല്ല, തൊട്ടുകൂടായ്മയെ പ്രോല്‍സാഹിപ്പിക്കുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.