ബംഗാളിലെ പിരിച്ചുവിട്ട അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇടപെടണം; രാഷ്ട്രപതിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

Update: 2025-04-09 09:53 GMT
ബംഗാളിലെ പിരിച്ചുവിട്ട  അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇടപെടണം; രാഷ്ട്രപതിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സുപ്രിംകോടതി ഉത്തരവിലൂടെ ബംഗാളിലെ പിരിച്ചുവിട്ട  അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

25,773 അധ്യാപക, അനധ്യാപക ജീവനക്കാരുടെ നിയമനം റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധി ശരിവച്ച ഏപ്രില്‍ മൂന്നിലെ സുപ്രിംകോടതി വിധി പരാമര്‍ശിച്ചുകൊണ്ട്, ന്യായമായ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളുണ്ടെന്ന് രണ്ട് വിധിന്യായങ്ങളിലും കണ്ടെത്തിയതായി രാഹുല്‍ഗാന്ധി പറഞ്ഞു.

'മാഡം, നിങ്ങള്‍ ഒരു അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ അനീതിയുടെ ഭീമമായ മാനുഷിക വില , നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ അഭ്യര്‍ഥന ദയയോടെ പരിഗണിക്കണമെന്നും ന്യായമായ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തുടരാന്‍ അനുവാദം നല്‍കുന്നതിനായി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു,' രാഹുല്‍ ഗാന്ധി കത്തില്‍ എഴുതി.

കുറെയധികം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിയമന സമയത്ത് നടക്കുന്ന ഏതൊരു കുറ്റകൃത്യവും അപലപിക്കപ്പെടേണ്ടതാണ്, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. യോഗ്യതയുള്ള അധ്യാപകരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഏകദേശം ഒരു പതിറ്റാണ്ടായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ പിരിച്ചുവിടുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ മതിയായ അധ്യാപകരില്ലാത്ത ക്ലാസ് മുറികളിലേക്ക് തള്ളിവിടും. അവരെ ഏകപക്ഷീയമായി പിരിച്ചുവിടുന്നത് അവരുടെ മനോവീര്യവും സേവനത്തിനുള്ള പ്രചോദനവും നശിപ്പിക്കും, കൂടാതെ അത് അവരുടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സ് നഷ്ടപ്പെടുത്തും,' രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.

Tags:    

Similar News