വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിക്കും: രാഹുല്‍ ഗാന്ധി

Update: 2025-03-24 09:05 GMT
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിക്കും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ ഇന്ത്യാ ബ്ലോക്കിന്റെ അനുബന്ധ വിദ്യാര്‍ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പാര്‍ട്ടിയിലെ ഘടകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അവര്‍ക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലെത്തിയാല്‍, അത് യഥാര്‍ത്ഥത്തില്‍ ഈ രാജ്യം നശിപ്പിക്കപ്പെടും. ആര്‍ക്കും ജോലി ലഭിക്കില്ല, രാജ്യം അവസാനിക്കും,' രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ലെന്നും എല്ലാ വിഭവങ്ങളും സ്ഥാപനങ്ങളും അദാനിക്കും അംബാനിക്കും കൈമാറുന്നതാണ് അവരുടെ മാതൃകയെന്നും അദ്ദേഹം കൂട്ടിചോര്‍ത്തു.

സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍, 'ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ' എന്ന നിലപാട് രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.

Tags:    

Similar News