തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ല; ലോക്‌സഭ നടക്കുന്നത് ജനാധിപത്യവിരുദ്ധമായി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അംഗങ്ങള്‍ പാലിക്കേണ്ട നടപടിക്രമ നിയമങ്ങള്‍ പാലിക്കണമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സ്പീക്കര്‍ തന്നെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്നും പിന്നീട് സംസാരിക്കാന്‍ അവസരം നല്‍കാതെ സഭ പിരിച്ചുവിട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്സഭയിലെ പാര്‍ട്ടി വിപ്പ് മാണിക്കം ടാഗോര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 70 കോണ്‍ഗ്രസ് ലോക്സഭാ എംപിമാര്‍ ലോക്സഭാ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധിക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിക്കുന്ന വിഷയം ഉന്നയിച്ചു.