ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു.കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഒരു പാര്‍ലമെന്ററി പാനല്‍ നടത്തിയ ഏറ്റവും വലിയ പ്രക്രിയയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) കൂടിയാലോചന പ്രക്രിയയെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു പറഞ്ഞു. 97.27 ലക്ഷത്തിലധികം നിവേദനങ്ങളും മെമ്മോറാണ്ടങ്ങളും ഭൗതികമായും ഓണ്‍ലൈന്‍ ഫോര്‍മാറ്റുകളിലൂടെയും ജെപിസി സ്വീകരിച്ചതായും റിപോര്‍ട്ട് അന്തിമമാക്കുന്നതിന് മുമ്പ് ജെപിസി അവ ഓരോന്നും പരിശോധിച്ചതായും കിരണ്‍ റിജിജു പറഞ്ഞു.
25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വഖഫ് ബോര്‍ഡുകള്‍ക്ക് പുറമേ 284 പ്രതിനിധികള്‍ ബില്ലില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമ വിദഗ്ദ്ധര്‍, ജീവകാരുണ്യ സംഘടനകള്‍, അക്കാദമിക് വിദഗ്ധര്‍, മത നേതാക്കള്‍ തുടങ്ങിയവരും തങ്ങളുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കിരണ്‍ റിജിജു പറഞ്ഞു.
സര്‍ക്കാര്‍ ഒരു മതസ്ഥാപനത്തിലും ഇടപെടാന്‍ പോകുന്നില്ലെന്നും വഖഫ് ബില്ലിന്റെ ഭാഗമല്ലാത്ത വിഷയങ്ങളില്‍ നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് റിജിജു പ്രതിപക്ഷത്തോട് പറഞ്ഞു. ഈ ബില്ലിന് മതവുമായി യാതൊരു ബന്ധവുമില്ല, പക്ഷേ സ്വത്തുക്കളുമായി മാത്രമേ ഇത് ബന്ധപ്പെട്ടിട്ടുള്ളൂവെന്ന് കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു. കളക്ടര്‍ റാങ്കിന് മുകളിലുള്ള ഒരു ഉദ്യോഗസ്ഥന്‍ വഖഫ് ആയി അവകാശപ്പെടുന്ന സര്‍ക്കാര്‍ സ്വത്തുക്കള്‍ അന്വേഷിക്കണമെന്നും ബില്ല് നിര്‍ദ്ദേശിക്കുന്നു. തര്‍ക്കമുണ്ടായാല്‍, ഒരു സ്വത്ത് വഖ്ഫിന്റേതാണോ സര്‍ക്കാരിന്റേതാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കും. വഖഫ് ട്രൈബ്യൂണലുകള്‍ അത്തരം തീരുമാനങ്ങള്‍ എടുക്കുന്ന നിലവിലുള്ള സംവിധാനത്തിന് പകരമാണിത്.
വഖ്ഫ് ബോര്‍ഡുകളില്‍ മുസ്‌ലിംകളല്ലാത്ത അംഗങ്ങളെ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദ്ദേശിക്കുന്നു. വഖഫ് പ്രഖ്യാപനത്തിന് മുമ്പ് സ്ത്രീകള്‍ക്ക് അവരുടെ അനന്തരാവകാശം ലഭിക്കണം, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, അനാഥര്‍ എന്നിവര്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. ഭേദഗതി ചെയ്ത ബില്ലില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ നേരത്തെ സ്പീക്കര്‍ ഓം ബിര്‍ള നിരസിച്ചിരുന്നു.
എന്നാല്‍, വഖ്ഫ് ഭേദഗതി ബില്ല് വംശീയ അജണ്ടയുടെ ഭാഗമാണെന്നും ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. നിലവില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് കിരണ്‍ റിജിജു ബില്ല് അവതരിപ്പിച്ചത്. അതേസമയം, വഖ്ഫ് ഭേദഗതി അവതരണത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും ഹാജരായില്ല.