
ആലപ്പുഴ: പാര്‍ലമെന്റില്‍ വഖ്ഫ് ഭേദഗതി ബില്‍ ചര്‍ച്ചക്ക് വന്ന സന്ദര്‍ഭത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സക്കറിയ ബസാറില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ പോലിസ് തടഞ്ഞു. ഭരണഘടന വിരുദ്ധമായ വഖ്ഫ് ഭേദഗതി ബില്‍ അംഗീകരിക്കില്ല, വഖ്ഫ് ഭേദഗതി ബില്‍ പിന്‍വലിക്കുക എന്ന ആവിശ്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ റിയാസ്, ജില്ലാ സെക്രട്ടറി അജ്മല്‍ അയ്യുബ് എന്നിവര്‍ സംസാരിച്ചു.
ഭരണഘടന വിരുദ്ധമായ വഖ്ഫ് ഭേദഗതി ബില്ലിലൂടെ സംഘ് പരിവാര്‍ ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്ലിം അസ്ഥിത്വത്തെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢപദ്ധതിയാണ്, ഒന്നിന് പുറകെ ഒന്നായി മുസ്ലിം വിരുദ്ധ വംശീയ ബില്ലുകള്‍ കൊണ്ട് വന്ന് ഒരു സമൂഹത്തെ തന്നെ രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് അപരവത്കരിക്കുന്ന ഫാഷിസ്റ്റ് പ്രവണതയാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ട് പോകുന്നത്, രാജ്യത്തെ സ്‌നേഹിക്കുന്ന ഈ രാജ്യത്തിന്റെ ഐക്യത്തിലും മതേതര പാരമ്പര്യത്തിലും വിശ്വസിക്കുന്ന ജനാതിപത്യവാദികള്‍ ഒന്നടങ്കം ഇത്തരം നീക്കങ്ങള്‍ക്ക് എതിരേ പ്രതികരിക്കേണ്ടതുണ്ട് എന്ന് കെ റിയാസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തി എസ്ഡിപിഐ തെരുവില്‍ ഉണ്ടാകുക തന്നെ ചെയ്യും എന്നും കെ റിയാസ് കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നാസര്‍ പഴയങ്ങാടി, എം സാലിം, ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളായ ഫൈസല്‍ പഴയങ്ങാടി, മുഹമ്മദ് റിയാദ്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി നിഹാസ് റഫീക്ക് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.