ജനുവരി 31 വരെയുള്ള ഭൂമി തരം മാറ്റൽ അപേക്ഷകൾ തീർപ്പാക്കാൻ കർമ പദ്ധതി

Update: 2022-02-23 01:04 GMT

തിരുവനന്തപുരം; നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റുന്നതിന് ജനുവരി 31 വരെ ലഭിച്ച അപേക്ഷകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും ഇതിനായി പ്രത്യേക കര്‍മപദ്ധതി നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

31.61 കോടി രൂപയോളമാണു പദ്ധതി നടത്തിപ്പിനായി പ്രതീക്ഷിക്കുന്ന ആകെ ചെലവെന്നു മന്ത്രി പറഞ്ഞു. ഇതിനായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആറുമാസത്തേക്ക് സര്‍വേയര്‍മാരെയും ഡാറ്റാ എന്‍ട്രി ക്ലര്‍ക്കുമാരെയും നിയമിക്കും. 2000ല്‍ അധികം അപേക്ഷകള്‍ തീര്‍പ്പാക്കാനുളള റവന്യൂ ഡിവിഷണല്‍ ഓഫിസുകളില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട്, രണ്ടു ക്ലാര്‍ക്ക്, ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ ജീവനക്കാര്‍ അടങ്ങുന്ന ഒരു യൂനിറ്റ് അധിക ജീവനക്കാരെയാകും നിയമിക്കുക.

5000ല്‍ അധികം അപേക്ഷകള്‍ തീര്‍പ്പാക്കാനുളള ഒമ്പതു റവന്യൂ ഡിവിഷണല്‍ ഓഫിസുകളില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട്, നാലു ക്ലാര്‍ക്ക്, ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. 1000 - 2000 ഇടയ്ക്ക് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫിസുകളില്‍ രണ്ടു ക്ലര്‍ക്ക്, ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. 1000ല്‍ താഴെ അപേക്ഷകള്‍ നിലനില്‍ക്കുന്ന റവന്യൂ ഡിവിഷണല്‍ ഓഫിസുകളില്‍, നിലവിലുളള സ്റ്റാഫിന് പുറമേ, വകുപ്പിനുളളില്‍ നിന്നു തന്നെ അധിക ജീവനക്കാരെ വിന്യസിച്ച് അപേക്ഷകള്‍ തീര്‍പ്പാക്കണം.

അപേക്ഷകളുടെ എണ്ണം 100ന് മുകളില്‍ വരുന്ന വില്ലേജുകളില്‍, ഭൂമിയുടെ തരം മാറ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി, ഒരു ക്ലര്‍ക്കിനെ നിയമിക്കും. 18 ആര്‍.ഡി.ഒ. ഓഫിസുകളുടെ പരിധിയില്‍ വരുന്ന 51 താലൂക്കുകളില്‍ ഒരു ക്ലാര്‍ക്ക് മൂന്നു സര്‍വ്വേയര്‍ എന്നിങ്ങനെ അധിക ജീവനക്കാരെ നിയമിക്കും. വില്ലേജുകളില്‍ നിലവില്‍ യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ ഫീല്‍ഡ് പരിശോധനക്കായി രണ്ടു വില്ലേജുകളില്‍ ഒരു വാഹനം എന്ന നിലയ്ക്ക് 680 വില്ലേജുകളില്‍ വാഹനസൗകര്യം അനുവദിക്കും.

5.99 കോടി രൂപ ചെലവഴിച്ച് കംപ്യൂട്ടര്‍, സ്‌കാനര്‍, പ്രിന്റര്‍ തുടങ്ങിയവ വാങ്ങി ഐ.ടി. സൗകര്യങ്ങള്‍ ഒരുക്കും.

ഫെബ്രുവരി ഒന്നു മുതലുള്ള ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാകും നടക്കുകയെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News