നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയില്‍
വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതിയായ പള്‍സര്‍ സുനി നല്‍കിയ അപേക്ഷ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹരജി പരിഗണിക്കുന്നത്.വിചാരണാ നടപടികള്‍ വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഹരജി കോടതി പരിഗണിച്ചിരുന്നു.ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു.കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് താനാണെന്നും, കഴിഞ്ഞ 5 വര്‍ഷമായി താന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണെന്നും പള്‍സര്‍ സുനി ജാമ്യഹരജിയില്‍ പറയുന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിനെതിരെ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്താണ് ഹരജി.