നടിയെ ആക്രമിച്ച കേസ്:ദിലീപ് നശിപ്പിച്ചത് 12 നമ്പരില്‍ നിന്നുള്ള വിവരങ്ങള്‍;വീണ്ടെടുക്കാന്‍ ഫോറന്‍സിക് സഹായം തേടി ക്രൈംബ്രാഞ്ച്
പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റിയെന്നും,ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്നും നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ നടന്‍ ദീലീപും സംഘവും ഗൂഢാലോചന നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ചത് 12 നമ്പരില്‍ നിന്നുള്ള വാട്‌സാപ്പ് ചാറ്റുകള്‍.നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിരിക്കുകയാണ്.ജനുവരി 30ന് ഉച്ചയ്ക്ക് 1.36നും 2.32നും ഇടയ്ക്കാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നതെന്ന് കോടതയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 12 നമ്പരില്‍ നിന്നുള്ള വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.12 നമ്പരിലേക്കുള്ള വാട്ട്‌സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്.
പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റിയെന്നും,ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്നും നേരത്തെ ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജനുവരി 30 നാണ് ഫോണുകള്‍ മുംബൈയില്‍ എത്തിച്ച് രേഖകള്‍ നശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ കൈമാറണമെന്ന് കോടതി ജനുവരി 29ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു നടപടി. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചത് രേഖകള്‍ നശിപ്പിച്ച ശേഷമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചത് നാല് ഫോണുകളാണ്. ഇവയെല്ലാം മുംബൈയില്‍ എത്തിച്ച് ഡേറ്റകള്‍ നശിപ്പിക്കുകയായിരുന്നു. 29, 30 തീയ്യതികളിലായിരുന്നു ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇതില്‍ ചിലത് വീണ്ടെടുക്കാനായിട്ടുണ്ട് എന്നും ക്രൈം ബ്രാഞ്ച് പറയുന്നു. കോടതിയുടെ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ തന്നെ ഇത്തരത്തില്‍ ഫോണിലെ നിര്‍ണായകമായ വിവരങ്ങള്‍ നശിപ്പിക്കുകയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതിന് പിന്നാലെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് എന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കുന്നു. ഈ ഹര്‍ജി തള്ളണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നു.