വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബയിലെത്തി; കേരളത്തിലെത്തിക്കാന്‍ പോലിസിന്റെ ശ്രമം

Update: 2022-05-23 18:12 GMT

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ജോര്‍ജിയയില്‍നിന്നു ദുബയില്‍ മടങ്ങിയെത്തി. നേരത്തെ കേസില്‍ പ്രതിയായതോടെ ദുബയിലേക്ക് കടന്ന വിജയ് ബാബു ഇവിടെനിന്നും ജോര്‍ജിയയിലേക്ക് പോവുകയായിരുന്നു. അതിനിടെ, വിജയ് ബാബുവിനെ കേരളത്തിലെത്തിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുകയാണെന്ന് പോലിസ് അധികൃതര്‍ അറിയിച്ചു. പ്രത്യേക യാത്രാരേഖ നല്‍കി കേരളത്തിലെത്തിക്കാനാണ് ശ്രമം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലാണ് പ്രത്യേക യാത്രാരേഖ നല്‍കുന്നത്.

ചൊവ്വാഴ്ച വൈകുന്നേരത്തിനകം കൊച്ചിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നടിയെ പീഡിപ്പിച്ച കേസില്‍ കോടതി പറയുന്ന ദിവസം ഹാജരാവാന്‍ തയ്യാറാണെന്ന് വിജയ് ബാബു വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറുപടി. വിജയ് ബാബുവിനോട് കേരളത്തില്‍ തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടന്‍തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പുനല്‍കി. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. ഇതിനു പിന്നാലെയാണ് വിജയ് ബാബുവിനെ കേരളത്തിലെത്തിക്കാന്‍ പോലിസ് ശ്രമം ആരംഭിച്ചത്. പോലിസ്, ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബയിലേക്ക് മടങ്ങിയെത്തിയെന്ന് വ്യക്തമായത്. മെയ് 17ന് രാത്രിയാണ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.

Tags:    

Similar News