എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ച മുഖ്യമന്ത്രിക്കു വേണ്ടി; കൂടെയുണ്ടായിരുന്നത് പിണറായിയുടെ സ്വന്തക്കാർ
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നോതാവ് റാംമാധവുമായി നടത്തിയ രഹസ്യചര്‍ച്ച മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന ആരോപണങ്ങൾക്ക് ശക്തിയേറുന്നു. രഹസ്യ ചർച്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വന്തക്കാരാണെന്നാണ് വിവരം. രഹസ്യചര്‍ച്ച വിവാദമായതോടെ പോലിസ് രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത്. കണ്ണൂരുകാരായ ബിസിനസ്സുകാരനാണ് ഒന്നാമനെന്നും മറ്റേയാള്‍ മുഖ്യമന്ത്രിയുടെ ബന്ധുവുമാണെന്നുമാണ് സൂചനകള്‍.
എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ ഉണ്ടായിരുന്നവര്‍ ആരാണന്നറിഞ്ഞാല്‍ കേരളം ഞെട്ടുമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിഷയം വിവാദമായതോടെയാണ് പോലിസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തിയത്.
എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന വിധത്തിലാണ് റിപോർട്ട്. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള ഡീല്‍ ആണ് രഹസ്യചര്‍ച്ചയാല്‍ നടന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.
2023 ഡിസംബറിലാണ് കോവളത്തെ ഹോട്ടലില്‍ എഡിജിപി അജിത്കുമാര്‍ ആർ എസ് എസിൻ്റെ പ്രമുഖ നേതാവായ റാംമാധവിനെ കണ്ടത്. 2023 മെയിലാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ തൃശൂർ പാറമേക്കാവിലെ ക്യാംപിലെത്തി കണ്ട് ചർച്ച നടത്തിയത്. വിവാദങ്ങൾ സി പി എമ്മിനെയും മുഖ്യമന്ത്രിയെയും വരിഞ്ഞു മുറുക്കിയിട്ടും പിണറായി മൗനം പാലിക്കുകയാണ്. അതേസമയം, ഗുരുതര ആരോപണം ഉയർന്നിട്ടും എഡിജിപി അജിത്ത് കുമാറിനെതിരേ യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതും സംശയം വർധിപ്പിക്കുകയാണ്.