അടിമാലി മരം കൊള്ളക്കേസ്; ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫിസര്‍ അറസ്റ്റില്‍
ഇടുക്കി: അടിമാലി മരം കൊള്ള കേസിലെ ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫിസര്‍ ജോജി ജോണ്‍ അറസ്റ്റിലായി. വെള്ളത്തൂവല്‍ പോലിസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി ഹാജരായത്. അടിമാലി മങ്കുവയില്‍നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്.
മോഷണവും, പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരിക്കുന്നത്. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് ജോജി റെയ്ഞ്ച് ഓഫിസറായിരിക്കെ എട്ട് തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് കണ്ടെത്തല്‍. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായി ജോജി ജോണിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, റെയ്ഞ്ച് ഓഫിസര്‍ തസ്തികയിലിരുന്ന വ്യക്തിയാണ് ജോജി ജോണ്‍ എന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്.