കേരളത്തിലെ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

Update: 2024-03-23 06:35 GMT

ന്യൂഡല്‍ഹി: പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്ഇ റദ്ദാക്കി.

പരിശോധനാവേളയില്‍ വ്യാജ വിദ്യാര്‍ഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കുക, രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. രാജ്യത്തുടനീളം സിബിഎസ്ഇ സ്‌കൂളുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

കേരളത്തില്‍ മലപ്പുറം പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരം മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ അഫിലിയേഷനാണ് റദ്ദാക്കിയത്.

ഡല്‍ഹിയില്‍ അഞ്ച് സ്‌കൂളുകള്‍ക്കും യുപിയില്‍ മൂന്ന് സ്‌കൂളുകള്‍ക്കും അംഗീകാരം റദ്ദായി. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ആറ് സ്‌കൂളുകളുടെയും ജമ്മുകശ്മീര്‍, ദെഹ്‌റാദൂണ്‍, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നാല് സ്‌കൂളുകളുടെയും അംഗീകാരം റദ്ദാക്കി.

ഡല്‍ഹിയിലെ വിവേകാനന്ദ് സ്‌കൂള്‍, പഞ്ചാബിലെ ഭട്ടിന്‍ഡയിലെ ദസ്‌മേഷ് സീനിയര്‍ സെക്കന്‍ഡറി പബ്ലിക് സ്‌കൂള്‍, അസമിലെ ബാര്‍പേട്ടയിലെ ശ്രീറാം അക്കാദമി എന്നീ മൂന്ന് സ്‌കൂളുകളുടെ ഗ്രേഡുകളും സിബിഎസ്ഇ താഴ്ത്തി. അഫിലിയേഷന്‍, പരീക്ഷാ ബൈലോ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് ഈ സ്‌കൂളുകളുടെ ഗ്രേഡ് തരംതാഴ്ത്തിയത്.

Tags:    

Similar News