പ്രവാസി തൊഴിലാളികള്‍ക്കായി അഫോര്‍ഡബിള്‍ ഫ്‌ലാറ്റ്; മന്ത്രി ശിലാസ്ഥാപനം നടത്തി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കര്‍മപരിപാടികളുടെ ഭാഗമായി പ്രവാസി തൊഴിലാളികള്‍ക്കായി അഫോര്‍ഡബിള്‍ ഫ്‌ലാറ്റ് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുടെ ശിലാ സ്ഥാപനകര്‍മവും പ്രവൃത്തി ഉദ്ഘാടനവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പുമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.
പ്രവാസികളുടെ സമ്പാദ്യം പാഴാകാതെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തി വളരെ വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വീട് നിര്‍മ്മിക്കാനുള്ള ഭൂമി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഭവന നിര്‍മാണത്തിന് പുതിയ നയം കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
147 സെന്റ് സ്ഥലത്ത് 72 ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന 6 ബ്ലോക്കുകള്‍ പണിയുന്ന പദ്ധതിക്ക് 22.23 കോടി രൂപയാണ് ഭരണാനുമതി ലഭിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 48.6 സെന്റ് സ്ഥലത്ത് 24 ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകളാണ് പണിയാന്‍ ഉദ്ദേശിക്കുന്നത്. ആവശ്യക്കാരെ കണ്ടെത്തുന്നതിനും സാമ്പത്തികം ലഭിക്കുന്നതിനുള്ള സൗകര്യത്തിനുമായി മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 50 ശതമാനം ഉപഭോക്താക്കളെ കണ്ടെത്തി അവരില്‍നിന്ന് ഫ്‌ലാറ്റിന്റെ വില 12 ഗഡുക്കളായി ഈടാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
മെഡിക്കല്‍ കോളേജ് ഭവന പദ്ധതി പ്രദേശത്തെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായി. ഹൗസിംഗ് കമ്മീഷണര്‍ & സെക്രട്ടറി എന്‍. ദേവീദാസ് ഐ എ എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം. മോഹനന്‍, എ ഡി എം മുഹമ്മദ് റഫീഖ്, അഡ്വ. സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി സുനീര്‍ സ്വാഗതവും ചീഫ് എന്‍ജിനീയര്‍ കെ.പി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.