അഫ്ഗാന്‍ പ്രശ്‌നം: ഇന്ത്യ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഇസ് ലാമാബാദ്: ഇന്ത്യ നവംബര്‍ 10-11 തിയ്യതികളിലായി വിളിച്ചുചേര്‍ക്കുന്ന അഫ്ഗാന്‍ വിഷയത്തിലെ യോഗത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ല. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്തീന്‍ യൂസുഫ് ഇസ് ലാമാബാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സമാധാന ലംഘകന് സംരക്ഷകനാവാനാവില്ലെന്ന് അദ്ദേഹം ഇന്ത്യയെ കുറ്റപ്പെടുത്തി. ഉസ്ബക്കിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരാണ് ഈ ചോദ്യം ഉയര്‍ത്തിയത്.
അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് മേഖലയിലെ പ്രധാന രാജ്യങ്ങളെ വിളിച്ചുചേര്‍ക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പദ്ധതിയിട്ടത്. യോഗത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാകിസ്താന്‍, ഇറാന്‍, തജാക്കിസ്താന്‍, ഉസ്ബക്കിസ്താന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് കത്ത് നല്‍കിയത്.
പ്രശ്‌നങ്ങള്‍ എന്താണെന്ന് നമുക്കറിയാമെന്നും അതില്‍ ചര്‍ച്ച ചെയ്യാനൊന്നുമില്ലെന്നും ഇന്ത്യയുടെ കാര്യത്തില്‍ പ്രത്യയശാസ്ത്രപ്രശ്‌നമാണ് കാരണമെന്നും മൊയ്തീന്‍ യൂസുഫ് പറഞ്ഞു. ലോകം കണ്ണടച്ചിരിക്കുകയാണെന്നും ഇന്ത്യയെ പല കാര്യങ്ങളിലും വിലക്കുന്നില്ലെന്നും അദ്ദേം കുറ്റപ്പെടുത്തി.