അമിത് ഷായുമായി കൂടിക്കാഴ്ച: ത്രിപുരയില്‍ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. ബില്ലിനെതിരായ ആശങ്കകള്‍ പരിഹരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ത്രിപുരയില്‍ ആഹ്വാനം ചെയ്ത അനിശ്ചിത കാല പണിമുടക്ക് അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. ബില്ലിനെതിരായ ആശങ്കകള്‍ പരിഹരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ബില്ലിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ സംയുക്തമായിട്ടായിരുന്നു പ്രതിഷേധിച്ചത്.
സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് അമിത് ഷായില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കള്‍ പിന്നീട് പറഞ്ഞു. എന്നാല്‍ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമില്‍ ഇന്ന് പോലിസ് വെടിവെപ്പില്‍ പരിക്കേറ്റ മൂന്നു പേര്‍ മരിച്ചു. മേഘാലയയിലും പ്രക്ഷോഭം കനയ്ക്കുകയാണ്.
ഇവിടെ പ്രക്ഷോഭകര്‍ ബാങ്ക് അഗ്നിക്കിരയാക്കി. ഇരു സംസ്ഥാനങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആശയ വിനിമയത്തിന് കനത്ത തടസ്സം സൃഷ്ടിക്കുകയാണ്.