ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക് പിന്നാലെ രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം. ബിജെപി തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഇന്ത്യ സഖ്യത്തിന്റെ പോളിംഗ് ഏജന്റുമാര്‍ക്കെതിരെ ആക്രമണം നടന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ബൂത്ത് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. വ്യാപക കള്ളവോട്ട് നടന്നെന്ന് സിപിഎം വിമര്‍ശിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്നും വിമര്‍ശനം ഉന്നയിച്ചു. പരാതിയെ തുടര്‍ന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
വെസ്റ്റ് ത്രിപുര ലോക്‌സഭാ മണ്ഡലത്തിലെയും രാംനഗര്‍ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയര്‍ന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് രാംനഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവര്‍ക്ക് ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്ന് വ്യക്തമായി. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പ്രതിപക്ഷത്തിന്റെ ചില ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
വെസ്റ്റ് ത്രിപുര പാര്‍ലമെന്റ് മണ്ഡലത്തില്‍ 1686 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 7,34,133 പുരുഷന്മാരും 7,29,337 സ്ത്രീകളും 56 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 14,63,526 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 80.40 ശതമാനവും രാംനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ 67.81 ശതമാനവും പോളിങ് രേഖപ്പെടുത്തി.