യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന പ്രസ്താവന; വെള്ളിയാഴ്ച രാവിലെ 11നകം മറുപടി നല്‍കണമെന്ന് കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2025-01-30 08:49 GMT
യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന പ്രസ്താവന; വെള്ളിയാഴ്ച രാവിലെ 11നകം മറുപടി നല്‍കണമെന്ന് കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 14 പേജുള്ള മറുപടിയില്‍ വസ്തുതകളൊന്നുമില്ലെന്നും യമുന നദിയില്‍ വിഷം കലര്‍ത്തുന്ന ആരോപണത്തിന് തെളിവ് സഹിതം പുതിയ മറുപടി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വെള്ളിയാഴ്ച രാവിലെ 11നകം മറുപടി നല്‍കണെമെന്നാണ് നിര്‍ദേശം.കെജ്‌രിവാളിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയിലുള്ള സമാധാനവും ഐക്യവും അപകടത്തിലാക്കാനുള്ള ഗുരുതരമായ സാധ്യതയുണ്ടെന്നും കമ്മീഷന്‍ പറയുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് കെജ്‌രിവാള്‍ യമുന നദിയിലെ വെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. വിഷം കലര്‍ത്തിയ വെള്ളം ഡല്‍ഹിയിലെ കുടിവെള്ളത്തില്‍ കലര്‍ന്നിരുന്നെങ്കില്‍, നിരവധി ആളുകള്‍ മരിക്കുമായിരുന്നു. അത് കൂട്ട വംശഹത്യയ്ക്ക് കാരണമാകുമായിരുന്നു എന്ന് കെജ്‌രിവാള്‍ പറഞ്ഞത്. ഇതിനുപിന്നാലെ കെജ്‌രിവാളിനെതിരേ ബിജെപി നേതാക്കള്‍ പരാതി നല്‍കുകയായിരുന്നു.


Tags:    

Similar News