കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ബിജെപി; സോണിയ ഗാന്ധിക്കെതിരേ കമ്മീഷനില്‍ പരാതി

Update: 2023-05-08 10:17 GMT

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ബിജെപി. സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. കര്‍ണാടകയുടെ പരമാധികാരത്തിന് ഭീഷണി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം സോണിയ നടത്തിയ പ്രസംഗമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. സോണിയയുടെ പ്രസ്താവന രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കര്‍ണാടക. ഒരു സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കണമെന്ന ആഹ്വാനം വിഘടനപരമാണ്. അത് അംഗീകരിക്കാനാവില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഹുബ്ബള്ളിയില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരേയാണ് ബിജെപി പരാതി നല്‍കിയത്. കേന്ദ്രമന്ത്രി ഭൂപീന്ദര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. ഇതിനു പുറമെ സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയും വ്യക്തമാക്കി.

Tags:    

Similar News