കാര്‍ഷിക ബില്ല്; കോര്‍പറേറ്റുകളോടുള്ള ബി.ജെ.പി.യുടെ പ്രത്യുപകാരമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: പാടത്ത് പകലന്തിയോളം വിയര്‍പ്പൊഴുക്കി കോടിക്കണക്കിനാളുകള്‍ക്ക് അന്നം വിളയിക്കുന്ന കര്‍ഷക സമൂഹത്തെ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് മുന്നില്‍ വിലകുറച്ചു വില്‍പ്പന നടത്തിയാണ് പുതിയ കാര്‍ഷിക ബില്ല് പാര്‍ലമെന്റില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ചുട്ടെടുത്തതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കേരള കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രചാരണം കൊഴുപ്പിക്കാനും വോട്ടുകള്‍ പെട്ടിയിലാക്കാനും കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഘോരഘോരം പ്രസംഗിക്കുകയും അധികാരക്കസേരയിലെത്തുമ്പോള്‍ കുത്തക മുതലാളിമാരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും കര്‍ഷകരെ ദുരിതക്കയത്തിലേക്കു തള്ളിവിടുന്നതുമാണ് ദശാബ്ദങ്ങളായി രാജ്യത്ത് കാണുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ കര്‍ഷകരെ തിരിഞ്ഞു കുത്തുന്ന നിര്‍ദ്ദയമായ നിയമങ്ങളാണ് മോഡി സര്‍ക്കാര്‍ ഇതിനകം പാസാക്കിയിട്ടുള്ളത്.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും മിനിമം വില ഉറപ്പാക്കുന്നതിനുമുള്ള സംവിധാനമായി 1951ല്‍ സ്ഥാപിതമായ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി), കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കാന്‍ ഉതകുമായിരുന്ന മിനിമം സപോര്‍ട്ട് പ്രൈസ് (എം.എസ്.പി.) എന്നീ സംവിധാനങ്ങളെ നിര്‍വ്വീര്യമാക്കിക്കൊണ്ടാണ് പുതിയ കാര്‍ഷിക ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തിട്ടുള്ളത്. പഴയ നിയമം ഉള്ള സമയത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താനും ന്യായമായ വില ലഭിക്കാനുമുള്ള സാഹചര്യം ഉണ്ടായിരുന്നു. ചില പഴുതുകള്‍ ഉണ്ടെങ്കിലും അവപരിഹരിച്ചു മുന്നോട്ട് പോകുന്നതിനു പകരം സ്വകാര്യ കുത്തകകള്‍ക്ക് വിപണി ഉറപ്പുവരുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം.
മുമ്പുണ്ടായിരുന്ന സംവിധാനത്തില്‍ എ.പി.എം.സി. മുഖേന ശേഖരിച്ചിരുന്ന ഫീസ് കര്‍ഷകരുടെ ക്ഷേമത്തിന്നായി വിനിയോഗിച്ചിരുന്നത് പുതിയ നിയമത്തില്‍ പാവപ്പെട്ട കര്‍ഷകരുടെ ചെലവില്‍ കുത്തകകളുടെ അഗ്രിബിസിനസ്സ് വളരാന്‍ സഹായിക്കുന്ന വിധത്തിലാണ്. ഇത് കര്‍ഷകരെ പട്ടിണിയിലേക്കും അതുവഴി ആത്മഹത്യയിലേക്കും നയിക്കുവാനേ ഉതകൂ. കരാര്‍ കൃഷിയ്ക്ക് സൗകര്യമൊരുക്കുന്നതും കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതുമായ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടു കൂടി കുത്തക മുതലാളിമാര്‍ സ്പോണ്‍സര്‍മാര്‍ എന്ന നാമധേയത്തില്‍ സര്‍ക്കാരിന്റെ ഇഷ്ടക്കാരായി വാഴും. കര്‍ഷകരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കാനും അവ നിരസിക്കാനുമുള്ള അധികാരവും അവകാശവും കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നതോട് കൂടി കാര്‍ഷിക ബില്ലിന്റെ പ്രത്യാഘാതം സംബന്ധിച്ച പരാതികള്‍ കര്‍ഷകര്‍ തഹസില്‍ദാര്‍മാര്‍ക്ക് മുമ്പാകെ ബോധിപ്പിക്കേണ്ടി വരികയും നടപടികള്‍ വൈകുമെന്നതിനാല്‍ പരിഹാരമില്ലാതെ കര്‍ഷകര്‍ പൊരിവെയിലത്തുമാകും.
കാര്‍ഷിക മേഖലയെ നശിപ്പിക്കാനും സര്‍ക്കാരിന്റെ ചങ്ങാതിമാരായിട്ടുള്ള മുതലാളിമാരെ സഹായിക്കാനുമുതകുകുന്ന കര്‍ഷകവിരുദ്ധ ബില്ലിനെതിരെ പൊരുതുന്ന രാജ്യത്തെ സാധാരണക്കാരായ കര്‍ഷക സമൂഹത്തിന് എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായി സോഷ്യല്‍ ഫോറം സൗദി കേരള നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ബഷീര്‍ കാരന്തൂര്‍ ഭാരവാഹികളായ ഹനീഫ കഴിശ്ശേരി (ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ ), മന്‍സൂര്‍ എടക്കാട് ( ദമ്മാം), അന്‍സാര്‍ ചങ്ങനാശ്ശേരി (റിയാദ്) എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.