ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 494 ആയി; സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്

Update: 2024-11-19 05:44 GMT


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാവുന്നതിനിടെ ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുടനീളമുള്ള സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും . ഡല്‍ഹി സര്‍ക്കാരും ഫരീദാബാദും ഓണ്‍ലൈന്‍ ക്ലാസുകളുടെ അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നോയിഡയും ഗുരുഗ്രാമും നവംബര്‍ 23 വരെ ഫിസിക്കല്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മോശമായതായി ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍വകലാശാല നവംബര്‍ 23 വരെയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല നവംബര്‍ 22 വരെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 500-ല്‍ (സിവിയര്‍ പ്ലസ്) രേഖപ്പെടുത്തി. പലയിടത്തും കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ പുകമഞ്ഞ് നിറഞ്ഞിരിക്കുകയാണ്. ഇത് ദൃശ്യപരത കുറയ്ക്കുന്നു. നിലവില്‍ വായു ഗുണനിലവാര സൂചിക 494 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇത് സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഡല്‍ഹി-എന്‍സിആര്‍ , ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ 4-ാം ഘട്ട മലിനീകരണ നിയന്ത്രണത്തിന് കീഴിലായതിനാല്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നവയോ എല്‍എന്‍ജി, സിഎന്‍ജി, ബിഎസ്-VI ഡീസല്‍ അല്ലെങ്കില്‍ ഇലക്ട്രിക് പോലുള്ള ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നവയോ ഒഴികെയുള്ള ട്രക്കുകളുടെ പ്രവേശന നിരോധിച്ചിട്ടുണ്ട്.

ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അത്യാവശ്യമല്ലാത്ത ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളും ഇലക്ട്രിക്, സിഎന്‍ജി അല്ലെങ്കില്‍ ബിഎസ്-VI ഡീസല്‍ എന്നിവയും നിരോധിച്ചിരിക്കുന്നു. പൊതുമേഖലാ പദ്ധതികളുടെ നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

വായുവിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപരമായ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാന്‍ എല്ലാ ഡല്‍ഹി-എന്‍സിആര്‍ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ബവാന, ജഹാംഗീര്‍പുരി, മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയം തുടങ്ങി നിരവധി പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക 500ല്‍ എത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് ചെയ്തു. .


Tags:    

Similar News