ഡല്‍ഹിയിലെ വായുമലിനീകരണം; എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീവ്രമായ വായുമലിനീകരണത്തിന്റെ സാഹചര്യത്തില്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച നടന്നത്.
വെര്‍ച്യല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന യോഗത്തില്‍ സംസ്ഥാനങ്ങളില ചീഫ് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സുപ്രിംകോടതി വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തിലായിരുന്നു കമ്മീഷന്‍ അടിയന്തര യോഗം വിളിച്ചത്. ഡല്‍ഹിയിലെ പല പ്രദേശങ്ങളിലെ വായുമലിനീകരണയോഗത്തിന്റെ തോത് 'മോശം'എന്നു തുടങ്ങി 'വളരെ മോശം', 'അപകടകരം' എന്നീ അവസ്ഥയിലാണ്.
വായുമലിനീകരണത്തോത് ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിനെതിരേയും അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്കെതിരേയും കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.
ഡല്‍ഹിയില്‍ പല പ്രദേശങ്ങളിലും എക്യുഐ 500നടുത്താണ്. 200ഓളം പോയിന്റുകളിലാണ് മലിനീകരണം രൂക്ഷമായിട്ടുള്ളത്.
ലോക്ക് ഡൗണ്‍ പോലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമോയെന്നായിരുന്നു സുപ്രിംകോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ചോദിച്ചത്. മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ കൈക്കൊള്ളാനും അതിന്റെ പ്ലാന്‍ സമര്‍പ്പിക്കാനും കോടതി സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചു.