ഡല്‍ഹിയില്‍ വായു മലിനീകരണ തീവ്രത കുറയുന്നു; ഡല്‍ഹി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പദ്ധതി ഇന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കും

Update: 2021-11-15 02:54 GMT

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തീവ്രത സാരമാംവിധം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 'അതീവ ഗുരുതര'മെന്ന അവസ്ഥയില്‍ നിന്ന് 'വളരെ മോശം' എന്നതിലേക്ക് മാറി.  വായുമലിനീകരണത്തില്‍ നിന്ന് രക്ഷപ്രാപിക്കുന്നതിനുള്ള ഘട്ടംഘട്ടമായുള്ള ലോക്ക്ഡൗണ്‍ പദ്ധതി ഡല്‍ഹി ആരോഗ്യമന്ത്രി ഗോപാല്‍ റായ് ഇന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കും. വായുമലിനീകരണത്തോത് കുറയ്ക്കുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു.

കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 437 ആയിരുന്നു. ഞായറാഴ്ച അത് 330ആയി. ഹരിയാനയിലും പഞ്ചാബിലും വയല്‍കത്തിക്കല്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ മാറ്റം. വെള്ളിയാഴ്ച ഡല്‍ഹിയിലെ എക്യൂഐ 471ആയിരുന്നു.

ഗാസിയാബാദ്, നോയ്ഡ, ഫരീദാബാദ്, ഗ്രേറ്റര്‍ നോയ്ഡ എന്നിവിടങ്ങളില്‍ എക്യുഐ യഥാക്രമം 331, 321, 298, 310 എന്നിങ്ങനെയായിരുന്നു.

എക്യുഐ 0-50ന് ഉള്ളിലാണെങ്കില്‍ നല്ലതെന്നാണ് കണക്കാക്കുന്നത്. 51-100 തൃപ്തികരം, 101-200 മെച്ചപ്പെട്ടത്, 201-300 മോശം, 301-400 വളരെ മോശം, 401-500 ഗുരുതരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ദൃശ്യതയിലും കുറവുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദൃശ്യത 1,500-2,200 മീറ്റര്‍ ആണ്. സഫ്ദര്‍ജുങ് വിമാനത്താവളത്തില്‍ അത് 1,000-1,500ആണ്.

ലോക്ക് ഡൗണ്‍ സംബന്ധിച്ച സര്‍ക്കാരിന്റെ കാഴ്ചപ്പാടും മലിനീകരണം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമുള്ള റിപോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുന്നതെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു.

തലസ്ഥാനത്തെ വായുമലിനീകരണം ഏറ്റവും ഗുരുതരമായ അവസ്ഥയിലാണെന്ന് സുപ്രിംകോടതി ശനിയാഴ്ച നിരീക്ഷിച്ചിരുന്നു. തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനാവുമോയെന്നും ആരാഞ്ഞു.

ഡല്‍ഹിയില്‍ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പുറം ജോലിയില്‍ നിന്ന് കഴിയാംവിധം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

വായുമലിനീകരണത്തോട് കുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ ഹരിയാനയോടും രാജസ്ഥാനോടും യുപിയോടും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News