കാര്‍ഷിക നിയമം റദ്ദാക്കും; വിജയം ആഘോഷിക്കാന്‍ റാലിക്ക് ആഹ്വാനം നല്‍കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത് ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വിജയാഹ്ലാദത്തിന്റെ ഭാഗമായി രാജ്യത്താകമാനം റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഗുരുനാനാക്ക് ജയന്തിയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തയല്ല നിയമം പിന്‍വലിച്ചതെന്നും അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ശനിയാഴ്ച കിസാന്‍ വിജയ് ദിവസമായി പ്രഖ്യാപിച്ച് രാജ്യത്താകമാനം പ്രകടനങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് അണികളോട് ആഹ്വാനം ചെയ്തു. കര്‍ഷക സമരത്തിനിടയില്‍ മരിച്ച 700ഓളം പേരുടെ കുടുംബങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നേ ദിവസം സന്ദര്‍ശിക്കും.
സംസ്ഥാന, ജില്ലാ, താലൂക്ക്, ബ്ലോക് തലത്തില്‍ റാലികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. 'ഇത് കര്‍ഷകരുടെ ചരിത്രവിജയമാണ്. ഇന്നേ ദിവസം കര്‍ഷകരുടെ വിജയം അടയാളപ്പെടുത്തുന്ന പരിപാടിള്‍ സംഘടിപ്പിക്കുക''- നേതാക്കള്‍ക്കുള്ള കുറിപ്പില്‍ കോണ്‍ഗ്രസ് അറിയിച്ചു.