ആലപ്പുഴയില്‍ ജീവനൊടുക്കിയ കര്‍ഷകന്റെ വീടിന്റെ ജപ്തി നടപടി അവസാനിപ്പിച്ചു

Update: 2024-01-11 13:47 GMT
ആലപ്പുഴയില്‍ ജീവനൊടുക്കിയ കര്‍ഷകന്റെ വീടിന്റെ ജപ്തി നടപടി അവസാനിപ്പിച്ചു

ആലപ്പുഴ: ജീവനൊടുക്കിയ കര്‍ഷകന്റെ വീടിന്റെ ജപ്തിനടപടികള്‍ മരവിപ്പിച്ചു. എസ്‌സി-എസ് ടി കോര്‍പറേഷനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മന്ത്രി കെ രാധാകൃഷ്ണനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ജപ്തി നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച മന്ത്രി, പരമാവധി ഇളവുകള്‍ നല്‍കി വായ്പ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ട് മുംബൈയിലെ ഒരു മലയാളി കുടിശ്ശിക തുക കുടുംബത്തിന് നല്‍കി ജപ്തി ഒഴിവാക്കുകയായിരുന്നു. പ്രസാദിന്റെ ഭാര്യ ഓമന രണ്ട് വര്‍ഷം മുന്പ് പട്ടികജാതി-വര്‍ഗ വികസന കോര്‍്പ്പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശ്ശികയായതോടെയാണ് ജപ്തി നോട്ടീസുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.

    തകഴി കുന്നുമ്മ സ്വദേശിയായ കര്‍ഷകന്‍ കെ ജി പ്രസാദ് രണ്ട് മാസം മുമ്പാണ്‌ ആത്മഹത്യ ചെയ്യുന്നത. കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ വമ്പന്‍ വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പ്രസാദിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ പ്രസാദിന്റെ വീട്ടുകാരെ തേടി എത്തിയത് ആകെയുള്ള കിടപ്പാടവും ജപ്തി ചെയ്യുമെന്ന നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന 2022 ആഗസ്റ്റില്‍ പട്ടിക ജാതി വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 60,000 രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിരുന്നു. 11 മാസമായി തിരിച്ചടവ് മുടങ്ങിയതോടെയാണ് വീടും പുരയിടവും ജപ്തി ചെയ്യുമെന്ന നോട്ടീസ് ലഭിച്ചത്. മന്ത്രി പി പ്രസാദും ജില്ലാ കലക്ടറും ഒക്കെ എത്തി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒരു പൈസ പോലും ലഭിച്ചില്ലന്ന് ഓമന പറഞ്ഞു. ഓമനയുടെ വാര്‍ത്ത കണ്ട് മുംബൈയിലെ ഒരുമലയാളി സഹായവുമായി രംഗത്തെത്തുകയായിരുന്നു. ജപ്തി ഒഴിവാക്കാനാശ്യവമായ തുക ഓമനക്ക് കൈമാറി.

Tags:    

Similar News