ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുല്‍ത്താനയെന്ന സ്ത്രീ നല്‍കിയ മൊഴിയില്‍ ശ്രീനാഥ് ഭാസിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്‌തേക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഹരജി ഉടന്‍ തന്നെ കോടതി പരിഗണിക്കുമെന്നാണ് വിവരം. തനിക്ക് ഈ കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്നും എന്നാല്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‌ലീമയെ വിദേശത്ത് നിന്ന് രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസില്‍ പോലിസ് പിടികൂടുന്നത്. തായ്‌ലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് തസ്‌ലീമയെ പിടികൂടിയത് . തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുടെ പേര് തസ്ലീമ വെളിപ്പെടുത്തിയത്. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ എക്‌സൈസിന് ലഭിച്ചതോടെയാണ് കേസ് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നത്.