അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു; 40 ലക്ഷത്തിന്‍റെ നഷ്ടം

Update: 2024-05-23 06:43 GMT

ഹരിപ്പാട്: തീപിടിത്തത്തില്‍ അഗ്രികള്‍ച്ചര്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു. ദേശീയപാതക്കരികില്‍ കരുവാറ്റ ആശ്രമം ജങ്ഷന് സമീപത്തെ 'കര്‍ഷകന്റെ കട' എന്ന പേരുള്ള കാര്‍ഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വില്‍ക്കുന്ന സ്ഥാപനമാണ് പൂര്‍ണമായും നശിച്ചത്. കരുവാറ്റ ലൈലാ നിവാസില്‍ സനല്‍ മുഹമ്മദിന്റേതാണ് സ്ഥാപനം.

വീടിനോട് ചേര്‍ന്നായിരുന്നു കട. ബുധനാഴ്ച പുലര്‍ച്ച അഞ്ചോടെ കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഉടമയെ അറിയിച്ചത്. അപ്പോഴേക്കും മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്നിരുന്നു.

അഗ്‌നി രക്ഷാ സേനയെ അറിയിച്ച ശേഷം സനല്‍ മുഹമ്മദും അയല്‍വാസികളും ചേര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാല്‍ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നു് അഗ്‌നി രക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയപ്പോഴേക്കും കടയും മുഴുവന്‍ സാധനസാമഗ്രികളും കത്തിയമര്‍ന്നു.

25 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിച്ചാമ്പലായതായി സനല്‍ മുഹമ്മദ് പറഞ്ഞു. ഇരുമ്പ് തൂണുകളില്‍ ടിന്‍ ഷീറ്റും ഇടഷ്ടികയും ഉപയോഗിച്ചാണ് കട നിര്‍മിച്ചിരുന്നത്. മേല്‍ക്കൂര ഓടും ഷീറ്റുമായിരുന്നു. കടയടക്കം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പോലിസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Tags:    

Similar News