അഹമ്മദാബാദ് സ്‌ഫോടനക്കേസ്; 5 മലയാളികളടക്കമുള്ളവരുടെ ശിക്ഷാ പ്രഖ്യാപനം ഫെബ്രുവരി 18ന്

Update: 2022-02-15 10:00 GMT

കോഴിക്കോട്: അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ കുറ്റം ചെയ്തതായി വിചാരണക്കോടതി കണ്ടെത്തിയ 49 പേരുടെയും ശിക്ഷ ഫെബ്രുവരി 18ന് പ്രഖ്യാപിക്കും. കുറ്റക്കാരെന്ന് കണ്ടത്തിയവരുടെ പട്ടികയില്‍ അഞ്ച് പേര്‍ മലയാളികളാണ്.

ആകെ 77 പേര്‍ പ്രതികളായ കേസില്‍ മലയാളിയായ അബ്ദുല്‍ സത്താര്‍, സൈനുദ്ദീന്‍ എന്നിവര്‍ അടക്കം 28 പേരെ കോടതി കഴിഞ്ഞ ആഴ്ച വെറുതെ വിട്ടിരുന്നു.

മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ തുടങ്ങി അഞ്ച് മലയാളികളടക്കമുള്ളവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷയാണ് ഫെബ്രുവരി 18ന് വിധിക്കുന്നത്.

49 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ക്ക് ശിക്ഷ വിധിക്കുന്നത് കോടതി ഏതാനും ദിവസത്തേക്ക് മാറ്റിവച്ചിരുന്നു. ശിക്ഷയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കാനാണ് വിധി പറയുന്നത് മാറ്റിയത്. അതില്‍ പ്രോസിക്യൂഷന്റെ വാദം തിങ്കളാഴ്ച അവസാനിച്ചു. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. വിധി 18ന് പ്രഖ്യാപിക്കുമെന്ന് സ്‌പെഷ്യല്‍ ജഡ്ജ് എ ആര്‍ പട്ടേല്‍ പറഞ്ഞു.

അവസാന വിധി വരുന്നതുവരെ കോടതിയിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രത്യേക കോടതി 49 പേരെ കുറ്റക്കാരെന്ന് വിധിച്ചതും 28 പേരെ വെറുതേ വിട്ടത്.

13 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. യുഎപിഎ അടക്കമുള്ള കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 

2008 ജൂലൈ 26ന് അഹമ്മദാബാദില്‍ നടന്ന 21 ഇടങ്ങളിലാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴു മലയാളികളടക്കം മൊത്തം 77 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കോട്ടയം ഈരാറ്റുപേട്ടയിലെ പി.എസ്. അബ്ദുല്‍ കരീമിന്റെ മക്കളായ ശിബിലിയും ശാദുലിയും. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസാഖിന്റെ മക്കളായ അന്‍സാറും സത്താറും, കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്‍, മകന്‍ ശറഫുദ്ദീന്‍, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് കേസില്‍ പ്രതികളായ മറ്റു മലയാളികള്‍.

Tags:    

Similar News