രാജസ്ഥാനിലും മധ്യപ്രദേശിലും വിമാനാപകടം: വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചു
ന്യൂഡല്‍ഹി: ശനിയാഴ്ച ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും വിമാനങ്ങള്‍ തകര്‍ന്നുവീണു. മധ്യപ്രദേശിലെ മൊറേനയിലെ പഹദ്ഗഢ് മേഖലയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങളാണ് തകര്‍ന്നുവീണത്. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.
ഗ്വാളിയോര്‍ വ്യോമത്താവളത്തില്‍ നിന്ന് അഭ്യാസപ്രകടനം നടത്തികൊണ്ടിരിക്കെ രണ്ട് വിമാനങ്ങളും കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. മൂന്ന് പൈലറ്റുമാരില്‍ രണ്ടുപേര്‍ സുരക്ഷിതരാണെന്നാണ് റിപോര്‍ട്ട്. രാജസ്ഥാനിലെ ഭരത്പൂരിലും വ്യോമസേന വിമാനമാണ് തകര്‍ന്നുവീണത്. ഉച്ചെയിന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ തുറസായ സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് വിവരം. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു.