എകെജി സെന്റര്‍ ആക്രമണം: നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Update: 2022-11-22 12:46 GMT

തിരുവനന്തപുരം: എകെജി സെന്ററിന് നേരേ പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതിക്ക് സഹായം നല്‍കിയ നാലാം പ്രതി ടി നവ്യയ്ക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബര്‍ 24 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന് നവ്യയോട് കോടതി നിര്‍ദേശിച്ചു. ഉത്തരവ് വന്നതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ നവ്യയെ ഒരുലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കേരളം വിട്ടുപോവാന്‍ പാടില്ല.

പാസ്‌പോര്‍ട്ട് ഏഴുദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. അക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയാണെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂട്ടര്‍ ഹരീഷ് കുമാര്‍ വാദിച്ചു. കേസില്‍ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന സ്‌കൂട്ടര്‍ നവ്യയുടെതല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. എകെജി സെന്റര്‍ ആക്രമണക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം എസ് ജിതിന് കൃത്യം നിര്‍വഹിക്കുന്നതിന് എകെജി സെന്ററിലേക്ക് എത്താന്‍ ബൈക്ക് കൈമാറിയതും രക്ഷപ്പെടാന്‍ സഹായിച്ചതും നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളായ സുഹൈല്‍, സുബീഷ് എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിലെ മുഖ്യപ്രതി ജിതിന് ഒക്ടോബര്‍ 21ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമൊടുവില്‍ സപ്തംബര്‍ 22നാണ് ജിതിനെ പോലിസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരേ ആക്രമണമുണ്ടായത്.

Tags:    

Similar News